മുംബൈ: തനിക്കെതിരെ നടി പായൽ ഘോഷ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അനുരാഗ് കശ്യപ്. പായലിന്റെ മീ ടൂ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അനുരാഗ് പറയുന്നു. തന്നെ നിശ്ശബ്ദനാക്കാൻ ഏറെക്കാലമായി ശ്രമം നടക്കുകയാണെന്ന് കശ്യപ് ട്വീറ്റിൽ പറഞ്ഞു. തനിക്കെതിരായ നീക്കത്തിൽ പല സ്ത്രീകളെയും വലിച്ചിഴക്കുകയാണ്. ഇതിനൊരു പരിധി വേണം. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കശ്യപ് പറഞ്ഞു.
‘എനിക്കെതിരായ ആരോപണത്തിലേക്ക് മറ്റ് ആർട്ടിസ്റ്റുകളെയും ബച്ചൻ കുടുംബത്തെയും വലിച്ചിഴക്കാൻ നിങ്ങൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഞാൻ രണ്ടു
തവണ വിവാഹം കഴിച്ചിട്ടുണ്ട്. അതാണ് കുറ്റമെങ്കിൽ അത് ഞാൻ സ്വീകരിക്കാം.നിങ്ങൾ പറഞ്ഞതിൽ എത്രത്തോളം ശരിയുണ്ടെന്നും ഇല്ലെന്നും നിങ്ങളുടെ വിഡിയോയിൽ തന്നെ വ്യക്തമാണ്. എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. ആശംസകൾ’- കശ്യപ് ട്വീറ്റിൽ മറുപടി നൽകി.
തെലുങ്ക്-ഹിന്ദി നടിയായ പായൽ ഘോഷ് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് അങ്ങേയറ്റം മോശമായി പെരുമാറിയെന്ന് ആരോപണമുന്നയിച്ചത്. 2014ലാണ് സംഭവമെന്നും എന്നാൽ തന്റെ കൈയിൽ തെളിവുകളൊന്നുമില്ലെന്നും നടി പറഞ്ഞിരുന്നു.
അതേസമയം, പായലിന്റെ ആരോപണത്തിന് പിന്തുണയുമായി ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്തെത്തിയിട്ടുണ്ട്. കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നും കങ്കണ ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്ക് പരാതി നൽകാൻ പായൽ ഘോഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
