‘ജീവിത നൗകയിലെ വില്ലത്തി’ മനീഷ ജയ്‌സിങിന് മാംഗല്യം; ചിത്രങ്ങൾ വൈറൽ

ലോക്ക്ഡൗൺ കാലത്ത് നിരവധി താരവിവാഹങ്ങളാണ് ആഡംബരങ്ങളൊന്നുമില്ലാതെ കടന്നു പോയത്. ഒടുവിലിപ്പോഴിതാ കൊവിഡ് വ്യാപനത്തെത്തുടർന്നുള്ള നിബന്ധനകൾ പാലിച്ച് ജീവിതനൗക സീരിയലിലെ വില്ലത്തിയായ മേഘ്‌നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനീഷയും വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താൻ വിവാഹിതയാവാൻ പോവുകയാണെന്നുള്ള വിശേഷത്തെക്കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ താരം വെളിപ്പെടുത്തിയിരുന്നു.

ശിവദിത്താണ് മനീഷയെ ജീവിതസഖിയാക്കിയത്. അടുത്ത ബന്ധുക്കളാണ് വിവാഹത്തിൽ പങ്കെടുത്തത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതെന്ന് മുൻപ് തന്നെ മനീഷ പറഞ്ഞിരുന്നു.

ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന സിനിമയിലൂടെയായിരുന്നു മനീഷ അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയിൽ നിന്നും സീരിയലിലേക്കുള്ള ക്ഷണം ലഭിക്കുകയായിരുന്നു താരത്തിന്. പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയായിരുന്നു മിനിസ്‌ക്രീനിൽ അരങ്ങേറ്റം. ഇതിന് ശേഷമായാണ് മനീഷ ജീവിതനൗകയിലേക്ക് എത്തിയത്. വില്ലത്തിയായുള്ള മനീഷയുടെ വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പകുതി മലയാളിയും പകുതി പഞ്ചാബിയുമാണ് താരം. അച്ഛൻ പഞ്ചാബിയാണ്, ജയ്ബന്ദ് സിങെന്നാണ് അദ്ദേഹത്തിന്റെ പേര്. അമ്മ മലയാളിയാണ്. തിരുവനന്തപുരത്താണ് മനീഷയും കുടുംബവും താമസിക്കുന്നത്. മലയാളം നന്നായി അറിയാമെന്നും താരം പറഞ്ഞിരുന്നു.

Exit mobile version