പാട്ടില്‍ നിന്ന് മരപ്പണിയിലേക്ക്, മേശയും അടുക്കള ഷെല്‍ഫുമൊക്കെ അനായാസം നിര്‍മിച്ച് ഔസേപ്പച്ചന്‍, എല്ലാം കോവിഡ് വരുത്തിയ മാറ്റം

പാട്ട് മാത്രമല്ല, തനിക്ക് മരപ്പണിയും വഴങ്ങുമോ എന്ന് പരീക്ഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനും വയലിനിസ്റ്റുമായ ഔസേപ്പച്ചന്‍. കോവിഡ് വരുത്തിവെച്ച ഒഴിവുകാലമാണ് ഔസേപ്പച്ചനെ പാട്ടുകാരന് പുറമെ മരപ്പണിക്കാരന്‍ കൂടിയാക്കിയത്.

വയലിന്‍ പിടിച്ചു തഴമ്പിച്ച ഔസേപ്പച്ചന്റെ കൈകളില്‍ ഇപ്പോള്‍ ഉളിയും കൊട്ടുവടിയുമൊക്കെ ഇടം നേടിക്കഴിഞ്ഞു. തൃശ്ശൂര്‍ കിഴക്കുംപാട്ടുകരയിലെ മേച്ചേരില്‍ വീട്ടിലാണ് ഔസേപ്പച്ചന്റെ മരപ്പണിശാല. ഈ മരപ്പണിയൊക്കെ വഴങ്ങുമോ എന്നു സംശയിച്ച വീട്ടുകാരുടെ മുന്‍പിലേക്ക് മേശയും തടിക്കുരിശും അടുക്കള ഷെല്‍ഫുമൊക്കെ അനായാസം നിര്‍മിച്ചാണ് ഔസേപ്പച്ചന്‍ മറുപടി നല്‍കിയത്.

തന്റെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് കോവിഡ് കാലത്തെ ഈ പുതിയ ശീലത്തെക്കുറിച്ച് ഔസേപ്പച്ചന്‍ പറഞ്ഞത്. ഈ മരപ്പണിയില്‍ നിന്നും സാമ്പത്തിക നേട്ടമില്ലെങ്കിലും മാനസികമായി വളരെയധികം സന്തോഷം ലഭിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

തടി ഉരുപ്പടികള്‍ ഉണ്ടാക്കുന്നതിന്റെ ഹ്രസ്വ വിഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍ നമ്മുടെ മനസ്സും ശരീരവും മോശമാകുന്നത് വെറുതെ സമയം കളയുന്നത് കൊണ്ടാണ്. ഈ കൊറോണ കാലത്തു ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ എത്തിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഈ സാഹചര്യത്തെ നമുക്ക് തന്നെ അതിജീവിക്കാം. ഇതിനു വേണ്ടി ഞാന്‍ നടത്തിയ ഒരു ശ്രമം ആണ് ഇത്. ഇതില്‍ നിന്നും സാമ്പത്തിക നേട്ടം ഒന്നും ഇല്ല എങ്കിലും മാനസികമായി ഒരുപാട് സന്തോഷം നല്‍കുന്നു. ഇത്തരം കഠിനമായ ജോലി ചെയ്താല്‍ വയലിന്‍ വായിക്കുവാന്‍ പ്രയാസം ആകില്ലേ എന്ന ആശങ്ക എന്റെ കുടുംബം പങ്കു വെച്ചിരുന്നു.

എന്നാല്‍ ഇത് പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് കൂടുതല്‍ കരുത്തോടെ വയലിന്‍ വായിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ആണ് തോന്നിയത്. നിങ്ങള്‍ എല്ലാവര്‍ക്കും ഈ വിഡിയോ പ്രചോദനമാകും എന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ സ്വന്തം ഔസേപ്പച്ചന്‍’- വിഡിയോ പോസ്റ്റ് ചെയ്ത് ഔസേപ്പച്ചന്‍ കുറിച്ചു.

Exit mobile version