‘തനി നാടന്‍ സൂപ്പര്‍ ഹീറോ’; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ ടീസര്‍ എത്തി

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മിന്നല്‍ മുരളിയുടെ ടീസര്‍ റിലീസായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

‘ഈ ഓണത്തിന് സിനിമ തീയേറ്ററില്‍ ഇറക്കണം എന്നാണു കരുതിയത്. നടന്നില്ല. ഇപ്പൊ ടീസര്‍ പുറത്തിറക്കുന്നു. പക്ഷെ ടീസര്‍ ആണെങ്കിലും, സിനിമ ആദ്യ ദിവസം തീയേറ്ററില്‍ നിങ്ങളുടെ മുന്‍പിലേക്കെത്തിക്കുന്ന അതേ ടെന്‍ഷനും ആവേശവുമാണ് മനസ്സില്‍. സ്വീകരിക്കും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കുന്നു , ‘മിന്നല്‍ മുരളി’ ടീസര്‍.’- ടീസര്‍ പങ്കുവച്ചു കൊണ്ട് സംവിധായകന്‍ ബേസില്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചു.

ബേസില്‍ ജോസഫ് ടോവിനോയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് വേണ്ടി ആലുവ മണപ്പുറത്ത് ഇട്ട സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് വിവാദമായിരുന്നു. സെറ്റ്, മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു അക്രമികളുടെ വാദം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version