അമ്മയുടെ അടുത്തെത്തുക, അതാണ് എത്രയോ കാലമായി എനിക്ക് ഓണം; ഇനിയും മുന്നോട്ടുപോകാനുള്ള ഊര്‍ജം ഈ ദുരിതകാലത്തിനിടയിലും ഓണം തരുമെന്ന് പ്രത്യാശിക്കാമെന്ന് മോഹന്‍ലാല്‍

അമ്മയുടെ അടുത്തെത്തുക. അതാണ് എത്രയോ കാലമായി എനിക്ക് ഓണമെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍. ഇലയുടെ മുന്നിലിരിക്കുമ്പോള്‍ വിഭവത്തെക്കാള്‍ നമ്മെ സന്തോഷിപ്പിക്കുന്നത് ഇടത്തും വലത്തും ഇരിക്കാനും വിളമ്പിത്തരാനും ആളുണ്ടെന്ന തോന്നലാണെന്നും ഒരു മാധ്യമത്തോടായി മോഹല്‍ ലാല്‍ പറഞ്ഞു.

ഓണത്തിന് ഇത്തവണയും അമ്മയുടെ അടുത്തെത്തണമെന്നായിരുന്നു ആഗ്രഹം. അതിനാല്‍ ചെന്നൈയില്‍നിന്നു നേരത്തേയെത്തി ക്വാറന്റീനില്‍ ഇരുന്നു. ഓണം തരുന്നത് ഒരു കൊല്ലം മുഴുവന്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജമാണെന്നും ഈ ദുരിതകാലത്തിനിടയിലും ഓണം നമുക്കതു തരുമെന്നു പ്രത്യാശിക്കാമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഓണത്തിന് എത്താനാകില്ലെന്നു കരുതിയതാണ്. പക്ഷേ, അമ്മയുടെ അടുത്തെത്തി. അമ്മയുടെ അടുത്തു പോയിത്തന്നെ ഓണമുണ്ണും. എന്നാലും സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്. അമ്മയുടെ പ്രായം, എന്റെ യാത്ര അങ്ങനെ പലതും ഏറെ ശ്രദ്ധിക്കേണ്ട കാലമെന്നും താരം പറയുന്നു.

ഇതുപോലൊരു ഓണക്കാലം നമുക്കുണ്ടായിട്ടില്ല. പക്ഷേ, എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും ഓണമെന്നതു സന്തോഷമാണ്. എല്ലാ ദുരിതങ്ങളും മറക്കാന്‍ വേണ്ടിയാകണം ഓണമുണ്ടായതുതന്നെ. അത്തം മുതല്‍ പത്തു ദിവസം പതുക്കെ പതുക്കെ ദുരിതങ്ങള്‍ മറന്ന് ഓരോരുത്തരും ഓണം ആഘോഷിക്കുന്നു. മെല്ലെ മെല്ലെ ദുരിതത്തില്‍നിന്നു സന്തോഷത്തിലേക്കുള്ള യാത്ര.

സിനിമയുമായി ബന്ധപ്പെട്ട നല്ലൊരു ശതമാനം ആളുകളും വലിയ പ്രയാസത്തിലാണ്. എനിക്കു ചുറ്റുമുള്ള ഓരോരുത്തര്‍ക്കും പ്രയാസങ്ങളുണ്ട്. എന്നാല്‍, ഓണമെത്തുന്നതോടെ നാം ചെറിയ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് അതെല്ലാം മറക്കാന്‍ നോക്കുന്നു. ഇത്തവണ ഓണക്കോടിയുണ്ടാകണമെന്നില്ല; വലിയ സദ്യയുണ്ടാകണമെന്നില്ലെന്നും പക്ഷേ, നമ്മുടെ മനസ്സിലെ ആഘോഷത്തിനു കുറവുണ്ടാകരുതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version