ആദ്യമിടാൻ വിചാരിച്ച പേര് റോഷൻ ലാൽ; പേരിന് പിറകിൽ വാൽപോലെ ജാതിപേര് വെയ്‌ക്കേണ്ടെന്ന് വെച്ചത് അച്ഛൻ: മോഹൻലാൽ

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ എന്ന താരത്തിന് മറ്റൊരു പേര് ആലോചിക്കുന്നത് തന്നെ അതിസാഹസമെന്നാണ് ആരാധകർക്ക് തോന്നുക. എന്നാൽ തനിക്ക് ആദ്യമിടാൻ ഇരുന്ന പേര് റോഷൻ ലാൽ എന്നായിരുന്നെന്ന് നടൻ മോഹൻലാൽ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മാതൃഭുമിയുടെ ഓണപ്പതിപ്പിൽ ‘മോഹൻലാൽ കയറിവന്ന പടവുകൾ’ എന്ന തന്റെ ആത്മകഥാ ഭാഗത്താണ് തന്റെ പേരിന് പിന്നിലെ ആ കഥ മോഹൻലാൽ വിവരിച്ചത്. തനിക്ക് പേരിട്ടത് വലിയമ്മാവനായ ഗോപിനാഥൻ നായരാണെന്നും പിന്നീട് മോഹിപ്പിക്കുന്ന പേര് തന്നെ ആവട്ടെ എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ എന്ന പേര് അമ്മാവൻ തന്നെ നിർദ്ദേശിക്കുകയായിരുന്നെന്നും മോഹൻലാൽ ആത്മകഥയിൽ പറയുന്നുണ്ട്.

പേരിന് പിറകിൽ വാൽപോലെ ജാതിപേര് വെയ്‌ക്കേണ്ട എന്ന് തീരുമാനിച്ചത് തന്റെ അച്ഛനായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഇലന്തൂരിലാണ് ജനിച്ചുവീണതെങ്കിലും തൊണ്ണൂറ് ദിവസം പ്രായമുള്ളപ്പോൾ തൊട്ട് തിരുവനന്തപുരത്തായിരുന്നു എന്നും താരം പറയുന്നു.

ആത്മകഥയിൽ നിന്നുള്ള ഭാഗം:

വീട്ടിൽ നിന്നും ഏറെ അകലെയായിരുന്നില്ല അച്ഛൻ വീടും. നെല്ലിക്കാലയിലെ മേമുറിയിൽ വിശ്വനാഥൻ നായർ എന്നാണ് അച്ഛൻ നാട്ടിൽ അറിയപ്പെട്ടിരുന്നത്. പുന്നയ്ക്കൽ തറവാട്ടിൽ വലിയ പന്തലൊക്കെ ഇട്ടായിരുന്നു അമ്മയുടെയും അച്ഛന്റയും വിവാഹം നടന്നത്. അതിനുമുമ്പേ അപ്പൂപ്പൻ പത്തനംതിട്ട ടൗണിൽ സ്വന്തമായി വീടുവെച്ചിരുന്നു. ലക്ഷ്മി വിലാസം എന്നായിരുന്നു ആ വീടിന്റ പേര്. ഞാനും ജ്യേഷ്ഠനും പിറന്ന ആ വീട് ഇന്നില്ല. നെല്ലിക്കാലയിലെ അച്ചന്റ തറവാടും വർഷങ്ങൾക്കു മുമ്പേ വിറ്റുപോയതാണ്. ഇലന്തൂരിലെ പുന്നയ്ക്കൽ തറവാട് മാത്രമാണ് ഇപ്പോഴുള്ളത്. അറുപത് വർഷങ്ങൾക്ക് മുമ്പ് സഹോദരിയുടെ മക്കൾക്ക് പ്യാരിലാൽ, മോഹൻ ലാൽ എന്നൊക്കെ പേരിട്ടത് വലിയമ്മാവൻ ഗോപിനാഥൻ നായരാണ്. ജാതിപ്പേര് വാലുപോലെ ചേർത്തുകെട്ടാതെ മക്കൾ വിളിക്കപ്പെടണമെന്ന ആഗ്രഹം അച്ഛന്റതായിരുന്നു. അമ്മാവൻ എനിക്കാദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻലാൽ എന്നായിരുന്നുവത്രേ. പിന്നീട് മോഹിപ്പിക്കുന്ന ഒരു പേര് തന്നെ ആവട്ടെ എന്ന അമ്മാവൻ തീരുമാനം എന്നെ മോഹൻലാലാക്കി. പ്രായം കൊണ്ട് അഞ്ചു വയസ്സിന്റെ വ്യത്യാസം ഞാനും ജ്യേഷ്ഠനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനം തിട്ടക്കാരനാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതൽ ഞാൻ വളർന്നത് തിരുവനന്തപുരത്താണ്.

ഞങ്ങൾ തിരുവനന്തപുരത്ത് സ്ഥിരതാമസമായ ശേഷം എനിക്കും ജ്യേഷ്ഠനും ഇലന്തൂരിലേക്ക് വരാൻ അവസരമുണ്ടാകുന്നത് സ്‌കൂളവധിയ്ക്ക് മാത്രമാണ്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന് അപൂർവമായി ലീവ് കിട്ടുമ്പോഴും ഞങ്ങൾ ഇലന്തൂരിലെത്തിയിരുന്നു. അമ്മയുടെ വീട്ടിലാണ് ഞാനധികവും താമസിച്ചിരുന്നത്. അതിന്റെ കാരണം അമ്മുമ്മയായിരുന്നു. കുട്ടിക്കഥകളുടെ ലോകം തുറന്നിട്ടുകൊണ്ട് ഒരുപാട് മനുഷ്യജീവിതങ്ങൾ എന്റെ മനസ്സിലേക്ക് ആദ്യം പകർത്തിയത് അമ്മൂമ്മയായിരുന്നു. കഥകൾ കേൾക്കാനായി അമ്മൂമ്മയോട് ചേർന്നിരിക്കുമ്പോൾ ഒരുപാട് സംശയങ്ങൾ എന്നിലുടലെടുക്കും. അപ്പോഴെല്ലാം ‘അതെന്താ അമ്മൂമ്മ ഇങ്ങനെ… ഇതെന്താ അമ്മൂമ്മ ഇങ്ങനെ…’ എന്ന് ഞാൻ അമ്മൂമ്മയോടു ചോദി ച്ചുകൊണ്ടേയിരിക്കുമെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ ആ സ്വഭാവത്തിന് ഇന്നും വലിയ മാറ്റമൊന്നുമില്ല. അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാൻ ഇപ്പോഴും ഒരു മടിയുമില്ല.

Exit mobile version