വാക്ക് പാലിച്ച് കമല്‍ ഹാസന്‍; ‘ഇന്ത്യന്‍ 2’ സെറ്റില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം കൈമാറി

വാക്ക് പാലിച്ച് കമല്‍ഹാസന്‍. കമല്‍ ഹാസന്‍ ചിത്രമായ ‘ഇന്ത്യന്‍ 2’ സെറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ച സിനിമാപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നല്‍കി. കമലും ഷങ്കറും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തുക കൈമാറിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്റ് ആര്‍ കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെയും പരുക്കേറ്റ ഒരാളുടെയും കുടുംബങ്ങള്‍ക്കായി നാല് കോടി രൂപ കൈമാറിയത്.

ഫെബ്രുവരി 19ന് ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിന്‍ പൊട്ടിവീഴുകയായിരുന്നു. സഹസംവിധായകരായ മനു, കൃഷ്ണ എന്നിവരും ഷൂട്ടിംഗ് സെറ്റിലെ സഹായി ആയിരുന്ന ചന്ദ്രനുമാണ് മരിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് കമല്‍ ഹാസന്‍ അന്ന് ഒരു കോടിയുടെ സഹായധനം പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി സിനിമാസെറ്റുകളില്‍ സംഭവിക്കുന്ന പരിക്കുകളുടെ വേദന തനിക്ക് അറിയാമെന്നും കരിയറില്‍ പലതവണ അത്തരം സംഭവങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

Exit mobile version