‘ദില്‍ ബെച്ചാര’യ്ക്ക് 24 മണിക്കൂറിനകം 95 മില്യണ്‍ വ്യൂസ്; സുശാന്ത് സിങ്ങിനെ നെഞ്ചോട് ചേര്‍ത്ത് പ്രേക്ഷകര്‍

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഡിസ്‌നിക്ക് 24 മണിക്കൂറിനകം 95 മില്യണ്‍ വ്യൂസ്. ഹോട്ട്‌സ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം റിലീസ് ചെയ്തത്. ലോകത്തെ ജനപ്രിയ വെബ്സീരീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഗെയിം ഓഫ് ത്രോണ്‍സ് നേടുന്ന സമാനമായ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചതെന്ന് ഓര്‍മാക്സ് മീഡിയ എന്ന ടെക് ഫേം പറഞ്ഞു.

ജൂണ്‍ 14നാണ് സുശാന്ത് തൂങ്ങി മരിച്ചത്. അതിന് മുമ്പ് തന്നെ ചിത്രത്തിന്റെ റിലീസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിരുന്നു. നടന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും ഒടിടി പ്ലാറ്റ്ഫോം വഴി തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തീയ്യേറ്ററില്‍ ചിത്രം റിലീസ് ചെയ്തിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും എന്നും ഓര്‍മാക്സ് മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തീയ്യേറ്റര്‍ ടിക്കറ്റ് നിലവാരം 100 രൂപ എടുത്ത് പരിശോധിച്ചാല്‍ ചിത്രം 950 കോടി രൂപ നേടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. 2019ല്‍ പിവിആര്‍ സിനിമാസിലെ ശരാശരി ടിക്കറ്റ് തുക 207 രൂപയായിരുന്നു. ഈ കണക്കില്‍ പരിശോധിക്കുകയാണെങ്കില്‍ ചിത്രം 2000 കോടി രൂപ നേടുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രേക്ഷകര്‍ താരത്തെ ഇപ്പോള്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്.

Exit mobile version