‘ഈ ഓര്‍മകള്‍ക്കെല്ലാം ഇപ്പോള്‍ കയ്പ്പും മധുരവുമാണ’; സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജന സാംഘി

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്റെ അകാല വിയോഗത്തിന്റ ആഘാതത്തില്‍ നിന്നും ബോളിവുഡ് സനിമാ ലോകവും ആരാധകരും ഇതുവരെ മോചിതരായിട്ടില്ല. ഇപ്പോഴിതാ സുശാന്തിനൊപ്പമുള്ള ഒരു ഓര്‍മ്മ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാരയിലെ നായിക സഞ്ജന സാംഘി.

‘നീയെന്റെ നിലാവ്, ഞാന്‍ നിന്റെ നക്ഷത്രം, ഞങ്ങള്‍ സ്‌നേഹത്തോടെ ഒരുക്കിയ ചിത്രം നിങ്ങളിലേക്കെത്താന്‍ നിങ്ങളുടെ ഹൃദയത്തിലേക്കെത്താന്‍ ഇനി ഒരാഴ്ച മാത്രം മതിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഞങ്ങള്‍ രണ്ടുപേരുടേയും ഈ പ്രിയപ്പെട്ട ഓര്‍മ്മ നിങ്ങളുമായി പങ്കിടുകയാണ്. 2018ല്‍ ദില്‍ ബേച്ചാരയുടെ ചിത്രീകരണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എടുത്ത ചിത്രമാണിത്. സിനിമയില്‍ ഏറെ സംതൃപ്തി തോന്നിയ ഒരു നിമിഷം. ഈ ഓര്‍മകള്‍ക്കെല്ലാം ഇപ്പോള്‍ കയ്പ്പും മധുരവുമാണ്. എല്ലാറ്റിനും എന്ത് വികാരമാണെന്ന് മനസിലാകുന്നില്ല. മരവിപ്പ് മാറുന്നില്ല’ എന്നാണ് സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സഞ്ജന സാംഘി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ജൂലൈ 24നാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുക. ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകള്‍ നേടിയ ട്രെയിലര്‍ എന്ന നേട്ടം ഇതിനോടകം തന്നെ ചിത്രം നേടി കഴിഞ്ഞു. മാര്‍വല്‍ സിനിമാ പരമ്പരയിലെ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിനെ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.നവാഗതനായ മുകേഷ് ചബ്രയാണ് ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി ‘ദില്‍ ബേച്ചാര’ സൗജന്യമായി സ്ട്രീം ചെയ്യുമെന്നാണ് ഹോട്ട്സ്റ്റാര്‍ അറിയിച്ചത്. കാന്‍സറിനോട് പോരാടുന്ന കിസി, മാനി എന്നിവരുടെ ജീവിതമാണ് ചിത്രം പറയുന്നത്.

Exit mobile version