യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് സുശാന്തിന്റെ ‘ദില്‍ ബേചാര’യിലെ പാട്ട്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് നായകനായി എത്തുന്ന ‘ദില്‍ ബേചാര’യിലെ ട്രെയിലര്‍ പുറത്തുവിട്ടത്. ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകള്‍ നേടിയ ട്രെയിലര്‍ എന്ന നേട്ടം ഇതിനോടകം ചിത്രം നേടി കഴിഞ്ഞു. മാര്‍വല്‍ സിനിമാ പരമ്പരയിലെ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനെ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. യൂട്യൂബ് ട്രെന്‍ഡിങില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഈ ഗാനം.

സുശാന്തിന്റെ കിടിലന്‍ നൃത്തച്ചുവടുകളാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്. എആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് നടിയും നര്‍ത്തകിയുമായ ഫറാഖാനാണ്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനരചന നിര്‍വഹിച്ച ഈ ഗാനം റഹ്മാന്‍ തന്നെയാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് സഞ്ജന സാങ്കിയാണ്. നവാഗതനായ മുകേഷ് ചബ്രയാണ് ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി ‘ദില്‍ ബേച്ചാര’ സൗജന്യമായി സ്ട്രീം ചെയ്യുമെന്നാണ് ഹോട്ട്സ്റ്റാര്‍ അറിയിച്ചത്. ജൂലൈ 24നാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുക. കാന്‍സറിനോട് പോരാടുന്ന കിസി, മാനി എന്നിവരുടെ ജീവിതമാണ് ചിത്രം പറയുന്നത്.

Exit mobile version