‘പൊരിച്ച മീന്‍ കഷ്ണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്, അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം’; ഡബ്ല്യൂസിസിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യൂസിസിയില്‍ രാജി വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡബ്ല്യൂസിസിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരിഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്, അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണമെന്നാണ് ഡബ്ല്യൂസിസിയെ വിമര്‍ശിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരു അക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണെന്നും ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥയ്ക്ക് മറുപടി നല്‍കാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണമെന്താണെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

എന്താണ് wcc?നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പര്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു.കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണമെന്താണ് ?പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്. അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം…നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.മറുപടി പറഞ്ഞേ പറ്റു.

Exit mobile version