‘ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യൂസിസി’; വിവാദങ്ങളില്‍ പരോക്ഷമായി പ്രതികരിച്ച് പാര്‍വതി തിരുവോത്ത്

ജൂലായ് നാലിനാണ് സംവിധായിക വിധു വിന്‍സെന്റ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് രാജി വയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കി നീണ്ട വിശദീകരണ കുറിപ്പുമായി വിധു വിന്‍സെന്റ് എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.നടി പാര്‍വതി, റിമ കല്ലിങ്കല്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമര്‍ശനം. ‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥ പാര്‍വതിക്ക് നല്‍കി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നുമാണ് വിധു കുറിപ്പില്‍ പറഞ്ഞത്.

ഇപ്പോഴിതാ വിമെന്‍ ഇന്‍ സിനിമാ കലക്ടീവിലെ വിവാദങ്ങളില്‍ പരോക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ആല്‍ബര്‍ട്ട് കാമുസിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ടാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

‘ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്‌പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത്. ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്’ എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികളാണ് പാര്‍വതി പോസ്റ്റ് ചെയ്തത്. ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യുസിസി എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമെ ഡബ്ല്യൂസിസി എന്ന് എഴുതിയ ചിത്രം തന്റെ ഫേസ്ബുക്ക് പേജിന്റെ കവര്‍ഫോട്ടോയായി മാറ്റിയും നടി തന്റെ പ്രതികരണം അറിയിച്ചു.

Exit mobile version