‘ടിക് ടോക്കിനു വേണ്ടി പണി കളഞ്ഞ് വില കൂടിയ ക്യാമറ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ അതു വിറ്റ് അരി വാങ്ങേണ്ടി വന്നേനെ, ഇനി ഇന്റര്‍നെറ്റ് തന്നെ നിരോധിച്ചാലും വീട്ടില്‍ അടുപ്പു പുകയും ഭായ്’; ടിക് ടോക്കില്‍ ഏഴുലക്ഷം ഫോളേവേഴ്‌സ് ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികളായ മുനീറും ഫാറൂഖും പറയുന്നു

മലപ്പുറം: ‘ ടിക് ടോക്കല്ല ഇനി ഇന്റര്‍നെറ്റ് തന്നെ നിരോധിച്ചാലും വീട്ടില്‍ അടുപ്പു പുകയും’ , ടിക് ടോക്കില്‍ ഏഴുലക്ഷത്തിലധികം ഫോളേവേഴ്‌സുള്ള ഫാറൂഖിന്റേയും മുനീറിന്റെയും വാക്കുകളാണിത്. കേന്ദ്രസര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ പല ടിക് ടോക് താരങ്ങളും വിഷമത്തിലാണ്. എന്നാല്‍ ഫാറൂഖിനേയും മുനീറിനേയും അക്കൂട്ടത്തില്‍ കൂട്ടേണ്ടെന്നാണ് ഇരുവരും പറയുന്നത്.

വ്യത്യസ്തമായ വീഡിയോകള്‍ ചെയ്താണ് ഇരുവരും ടിക്ടോക്കില്‍ ഫെയ്മസായത്. തനി മലപ്പുറം ഭാഷയെ വേള്‍ഡ് ഫെയ്മസാക്കിയ ചങ്ങായിമാരാണ് ഫാറൂഖും മുനീറും. ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്യാറുണ്ടെങ്കിലും ജീവിക്കാനുള്ള ജോലി കഴിഞ്ഞേ നേരമ്പോക്കുകള്‍ക്ക് ഇവര്‍ സമയം മുടക്കാറുള്ളൂ.

അതുകൊണ്ടുതന്നെ ടിക് ടോക് നിരോധിച്ചപ്പോള്‍ കിളി പോയ അവസ്ഥയിലായ പല ടിക്ടോക് താരങ്ങള്‍ക്കും ഇവര്‍ മാതൃകയാണ്. ‘ ടിക് ടോക്കില്‍ ലോഡ് ഇറക്കിയാല്‍ അഞ്ചിന്റെ പൈസ കിട്ടൂല്ല, പക്ഷേ, അരിക്കടയില്‍ ലോഡിറക്കിയാല്‍ മിനിമം ആയിരം ഗാരന്റി. ടിക്ടോക്കല്ല ഇനി ഇന്റര്‍നെറ്റ് തന്നെ നിരോധിച്ചാലും വീട്ടില്‍ അടുപ്പു പുകയും ഭായ്…’ എന്ന് പെരിന്തല്‍മണ്ണയിലെ ഒരു അരി ഗോഡൗണില്‍ ചുമട്ടു തൊഴിലാളികളായ ഫാറൂഖും മുനീറും ഒരുപോലെ പറയുന്നു.

ഒഴിവു സമയങ്ങളില്‍ ഗോഡൗണ്‍ വരാന്തയിലും മുറ്റത്തുമായാണ് ഫാറൂഖും മുനീറും ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. എല്ലാ വീഡിയോകളും കേരളത്തിലങ്ങോളമിങ്ങോളം ചിരിയുടെ മാലപ്പടക്കമാണ് പൊട്ടിച്ചത്. കണ്ണടച്ചുതുറക്കും മുമ്പേ തന്നെ ഇരുവരും ടിക് ടോക്കില്‍ ഫെയ്മസായി.

‘പലരും പറഞ്ഞു ഡിഎസ്എല്‍ആര്‍ ക്യാമറ വാങ്ങിക്കൂടേ.. ഈ പണി തന്നെ പ്രഫഷന്‍ ആക്കിക്കൂടേ എന്നൊക്കെ. ഞങ്ങള്‍ അതൊന്നും കാര്യമായി എടുത്തില്ല. ടിക്ടോക്കിനു വേണ്ടി പണി കളഞ്ഞ് വില കൂടിയ ക്യാമറ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ അതു വിറ്റ് അരി വാങ്ങേണ്ടി വന്നേനെ’ ഫാറൂഖും മുനീറും പറയുന്നു.

Exit mobile version