‘ആദ്യ ചിത്രം തന്നെ എത്ര മികച്ചത്, അടുത്ത ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു’ കപ്പേളയ്ക്കും മുസ്തഫയ്ക്കും അഭിനന്ദനവുമായി അനുരാഗ് കശ്യപ്

കപ്പേള ചിത്രത്തിനും മുസ്തഫയ്ക്കും അഭിനന്ദനം അറിയിച്ച് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ആദ്യമായി സംവിധായം ചെയ്ത ചിത്രം തന്നെ മുസ്തഫ വളരെ മികച്ചതാക്കിയെന്നും മുസ്തഫയുടെ അടുത്ത ചിത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും കശ്യപ് കുറിച്ചു.

”മുഹമ്മദ് മുസ്ഫയുടെ കപ്പേള എന്ന ആദ്യ ചിത്രം തന്നെ എത്ര മികച്ചതാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങള്‍ക്കായി കാത്തിരിക്കും,” അദ്ദേഹം കുറിച്ചു. അത്ഭുതകരമായ രീതിയിലാണ് കപ്പേളയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കപ്പേള. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി, സുധികോപ്പ തുടങ്ങിയവരാണ് കപ്പേളയില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. തീയ്യേറ്ററില്‍ റീലീസ് ചെയ്ത സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.

തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ നെറ്റ് ഫ്ളിക്സില്‍ റീലീസ് ചെയ്തതോടെ കപ്പേള വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ നിറയുകയായിരുന്നു. സോഷ്യല്‍മീഡിയയിലും നിറയുന്നത് കപ്പേള തന്നെയാണ്.

Exit mobile version