‘എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു, എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്’; ഭൂമിക ചൗള

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് വിടവാങ്ങി ഒരാഴ്ച്ച കഴിഞ്ഞിരിക്കുകയാണ്. ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം വിഷാദരോഗി ആയിരുന്നുവെന്നും ബോളിവുഡില്‍ പലയിടത്തുനിന്നും തഴയപ്പെട്ടതാണ് താരത്തെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്നുമാണ് ആരോപണങ്ങള്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ സിനിമാ മേഖലയില്‍ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഭൂമിക ചൗള. താരത്തിന്റെ മരണകാരണം ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ആണ് പ്രതികരണവുമായി ഭൂമിക ചൗള രംഗത്ത് എത്തിയിരിക്കുന്നത്.

എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നുവെന്നും എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളതെന്നുമാണ് ഭൂമിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പരസ്പരം പഴി ചാരാന്‍ നില്‍ക്കാതെ സുശാന്തിന്റെ ആത്മാവിനെ ബഹുമാനിക്കണമെന്നും ഈ വിവാദങ്ങള്‍ക്കുള്ള പരിഹാരം സിനിമാ മേഖല തന്നെ കണ്ടെത്തട്ടെയെന്നും ഭൂമിക കൂട്ടിച്ചേര്‍ത്തു. സുശാന്ത് സിംഗ് രജ്പുതിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത എംഎസ് ധോണിയെക്കുറിച്ചുള്ള ചിത്രത്തില്‍ സുശാന്തിന്റെ സഹോദരിയായി അഭിനയിച്ചത് ഭൂമികയായിരുന്നു.

‘പ്രിയപ്പെട്ട സുശാന്ത്, നീ ഇപ്പോള്‍ എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുകയാണ്. സുശാന്തിന്റെ വിയോഗത്തില്‍ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നിങ്ങളുടെ സമയം കണ്ടെത്തണം. സംഭവിച്ചതിനേക്കുറിച്ച് ഇപ്പോള്‍ നിരവധി ഊഹങ്ങളാണ് പ്രചരിക്കുന്നത്.

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, സിനിമാ മേഖലയാണ് ഇതിന് ഉത്തരവാദി, പ്രണയമാണ് കാരണം.. അങ്ങനെ അങ്ങനെ പല ഊഹാപോഹങ്ങള്‍ നടക്കുന്നത്. ദയവായി അവന്റെ ആത്മാവിനെ നിങ്ങള്‍ ബഹുമാനിക്കണം. പ്രാര്‍ഥിക്കണം. ആ സമയം ചുറ്റുമുള്ളവരെ സഹായിക്കാനും പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാനും ഉപയോഗിക്കൂ. നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി പ്രാര്‍ഥിക്കൂ. വ്യായാമം ചെയ്യൂ, പോസിറ്റീവ് ആയിരിക്കൂ, മറ്റുള്ളവരെ പഴി ചാരാതിരിക്കൂ, പരസ്പരം ബഹുമാനിക്കൂ. സിനിമാ മേഖല തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തട്ടെ. ദയവായി പൊതുവിടത്തില്‍ ഇത് ചര്‍ച്ചയാക്കാതിരിക്കൂ’ എന്നാണ് ഭൂമിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Exit mobile version