സിനിമയെ ആര്‍ക്കാണ് പേടി, ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ, ആദ്യം സിനിമ വരട്ടേന്ന്, ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്; ‘ വാരിയംകുന്നന്’ ഐക്യദാര്‍ഢ്യവുമായി മിഥുന്‍ മാനുവല്‍ തോമസ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തില്‍ നടനായി എത്തുന്ന പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാഗം സംഘ്പരിവാര്‍ കമന്റുകളും.

ഈ സംഭവത്തിന് പിന്നാലെ വാരിയംകുന്നന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘സിനിമയെ ആര്‍ക്കാണ് പേടി? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.’ എന്നായിരുന്നു മിഥുന്റെ ഫേസ്ബുക് പോസ്റ്റ്.

ആഷിഖ് അബുവാണ് വാരിയംകുന്നന്‍ സംവിധാനം ചെയ്യുന്നത്. ഹര്‍ഷദും റമീസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പരാരി ഈ ചിത്രത്തില്‍ ആഷിഖിന്റെ കോ ഡയറക്റ്റര്‍ ആയിരിക്കും. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്നാണ്. മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം.

Exit mobile version