‘എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം’; അന്തരിച്ച ഛായാഗ്രാഹകന്‍ ബി കണ്ണനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഛായാഗ്രാഹകന്‍ അഴകപ്പന്‍

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ ബി കണ്ണനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഛായാഗ്രഹന്‍ അഴകപ്പന്‍. ഛായാഗ്രഹകന്‍ ബി കണ്ണന്റെ വിയോഗം തനിക്കും സിനിമാ ലോകത്തിനും തീരാനഷ്ടമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

‘എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം. സൗത്ത് ഇന്ത്യന്‍ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കണ്ണന്‍ സാര്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സീനിയറായിരുന്നു. കേരള സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു നല്ല വ്യക്തിയെയാണ് നമുക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമായിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലും നിരവധി നല്ല ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ഭാരതി രാജ സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു അദ്ദേഹം. കടല്‍പ്പൂക്കള്‍ എന്ന ചിത്രത്തിനു വി ശാന്താറാം പുരസ്‌കാരം ലഭിച്ചിരുന്നു. സംവിധായകന്‍ ഭീം സിങ്ങിന്റെ മകനാണ്. എഡിറ്റര്‍ ബി ലെനിന്‍ സഹോദരനാണ്. അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും. മിസ് യൂ സര്‍. മുതല്‍ മര്യാദൈ, കാതല്‍ ഓവിയം, തുടങ്ങിയവയിലും മലയാളം, തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ള ഗ്രാമഭംഗി മറക്കാനാവുന്നതല്ല’ എന്നാണ് അഴകപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രസിദ്ധ തമിഴ് സംവിധായകന്‍ ഭാരതി രാജയുടെ 40 സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചുള്ള വ്യക്തിയാണ് ബി കണ്ണന്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Exit mobile version