വിക്രമും ധ്രുവും വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത സത്യം; ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജ്

കാര്‍ത്തിക് സുബ്ബരാജ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ധ്രുവ് വിക്രമും എത്തുന്നു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രത്തിന് ‘ചിയാന്‍ 60’ എന്നാണ് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. വിക്രമിന്റെയും മകന്റെയും അഡാറ് കോമ്പോയ്ക്കൊപ്പം കാര്‍ത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. ഗാങ്സ്റ്റര്‍ ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമ സെവന്‍ സ്‌ക്രീന്‍ സ്റ്റൂഡിയോയാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ധനുഷിനെ നായകനാക്കി ഒരുക്കിയ ‘ജഗമേ തന്തിര’മാണ് കാര്‍ത്തിക് സുബ്ബരാജിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മെയ് മാസം റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രയാണ് വിക്രമിന്റെ റിലീസിന് തയ്യാറായി നില്‍ക്കുന്ന ചിത്രം. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഈ ചിത്രത്തില്‍ 25 വ്യത്യസ്ത വേഷത്തിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് വിക്രമിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Exit mobile version