ഹിന്ദി റീമേക്കിന് ഒരുങ്ങി ‘അയ്യപ്പനും കോശിയും’; അവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

ബിജു മേനോന്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേക്ക്. ബോളിവുഡ് താരം ജോണ് അബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

‘ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിങ് ആയ ചിത്രം ‘അയ്യപ്പനും കോശിയും’. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെഎ എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കാറുള്ളത്. ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തത്. അതേസമയം ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെ ആയിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

‘അയ്യപ്പനും കോശിയും’ ഹിന്ദിക്ക് പുറമെ തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ കതിര്‍സേനന്‍ ആണ് തമിഴില്‍ ചിത്രം നിര്‍മ്മിക്കുക എന്ന വാര്‍ത്തയും നേരത്തേ വന്നിരുന്നു

അനാര്‍ക്കലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‌ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. എസ്ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. സംവിധായകന്‍ രഞ്ജിത്ത്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version