കാര്‍ത്തികും ജെസ്സിയും വീണ്ടും; യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’

ഗൗതം വാസുദേവ് മേനോന്‍ ചിമ്പുവിനെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2010 ല്‍ ഒരുക്കിയ ചിത്രമായിരുന്നു ‘വിണ്ണൈ താണ്ടി വരുവായ’. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കാര്‍ത്തികും ജെസ്സിയും ഒരു പതിറ്റാണ്ടിനിപ്പുറവും വീണ്ടും എത്തിയിരിക്കുകയാണ്.

‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. 12 മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ്. യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിം.

എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. തിരക്കഥ എഴുതാനിരിക്കുന്ന കാര്‍ത്തിക്ക് എഴുതാന്‍ സാധിക്കാതെ വരുമ്പോള്‍ കേരളത്തിലുള്ള ജെസിയെ ഫോണ്‍ വിളിക്കുന്നതില്‍ നിന്നാണ് ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്. കൊറോണയെപ്പറ്റിയും ലോക്ക് ഡൗണിലെ സിനിമാ പ്രതിസന്ധിയെപ്പറ്റിയുമൊക്കെ ഇരുവരും സംസാരിക്കുന്നുണ്ട്. ജെസിയുടെ കുടുംബത്തെപ്പറ്റി ആകാംക്ഷയോടെ അന്വേഷിക്കുന്ന കാര്‍ത്തിക് വീണ്ടും തന്റെ പ്രണയം പറയുകയാണ്. ഈ ലോക്ക് ഡൗണില്‍ ഇരുവരും ഒന്നാകുമോ? ചിത്രം കാണൂ.

Exit mobile version