ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ബിഗ് ബിയുടെ ‘ഗുലാബോ സിത്താബോ’; റിലീസ് തീയതി പുറത്തുവിട്ടു

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ബിഗ് ബിയുടെ ‘ഗുലാബോ സിത്താബോ’. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ജൂണിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആയുഷ്മാന്‍ ഖുരാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന വിവരം ബിഗ് ബിയാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

‘1969ലാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ 2020 ല്‍ എത്തിനില്‍ക്കുന്നു. 51 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ പല മാറ്റങ്ങളും കണ്ടു. പല വെല്ലുവിളികളുമുണ്ടായി. ഇപ്പോഴിതാ അടുത്ത വെല്ലുവിളി. എന്റെ ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ഗുലാബോ സിത്താബോ. ജൂണ്‍ 12ന് ലോകമൊട്ടാകെ 200ല്‍പ്പരം രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ആകുന്നത്. ഈ പുതിയ വെല്ലുവിളിയുടെ ഭാഗമാകുന്നതില്‍ അഭിമാനം’ എന്നാണ് ബിഗ് ബി ട്വിറ്ററില്‍ കുറിച്ചത്.

ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് ബിഗ് ബി എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റൈസിങ് സണ്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version