ബ്രാഹ്മണന്‍ ബീഫ് ചോദിക്കുന്ന സീന്‍ മതവികാരം വ്രണപ്പെടുത്തുന്നു, കഷ്ടകാലം അവസാനിക്കാതെ ദുല്‍ഖര്‍ ചിത്രം, വീണ്ടും വിവാദത്തിലായി ‘വരനെ ആവശ്യമുണ്ട്’

കൊച്ചി; സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സിനിമയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ , സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ഇതുവരെ വലിയ വിവാദങ്ങളാണ് നേരിട്ടത്.

ചിത്രത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ വളര്‍ത്ത് നായയ്ക്ക് പ്രഭാകരന്‍ എന്ന പേര് നല്‍കിയതായിരുന്നു ആദ്യ വിവാദം. എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. പ്രഭാകര എന്ന വിളി പട്ടണ പ്രവേശം എന്ന സിനിമയിലെ തമാശ രംഗത്തില്‍ നിന്നും കടമെടുത്തതാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ദുല്‍ഖറിന്റെ വിശദീകരണം.

ആരേയും ബോധപൂര്‍വ്വം അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. പിന്നീട് തന്റെ ഫോട്ടോ സിനിമയില്‍ അനുവാദമില്ലാതെ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ദുല്‍ഖര്‍ മാപ്പ് പറഞ്ഞെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

ഇപ്പോഴിതാ വീണ്ടും പുതിയൊരു വാവാദം സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുകയാണ്. സിനിമയിലെ ദുല്‍ഖര്‍ സല്‍മ്മാന്റെ അയല്‍ക്കാരായ ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രം ബീഫ് ചോദിക്കുന്ന രംഗമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ഈ രംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് നിരവധി പേര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നത്. തമിഴ് ബ്രാഹ്മണര്‍ ബീഫ് ചോദിക്കുന്ന രംഗം ഉള്‍പ്പെടുത്തിയ ചിത്രത്തില്‍ അഭിനയിച്ചതില്‍ സുരേഷ് ഗോപി, ശോഭന, ഉര്‍വശി എന്നിവര്‍ക്ക് നാണമില്ലേ എന്നായിരുന്നു വിവാദവുമായി ബന്ധപ്പെട്ട് ജെമിനി സെവന്‍ത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുവന്ന പരാമര്‍ശം.

എന്നാല്‍ ഇതില്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Exit mobile version