വിവാഹത്തിന് മുമ്പ് പങ്കാളികൾ ഒരു വർഷം എങ്കിലും ഒരുമിച്ച് ജീവിക്കണം; വിവാഹ മോചനം ഒഴിവാക്കാൻ മാർഗ്ഗം ഉപദേശിച്ച് നടി അമേയ്‌റ

വിവാഹമോചന നിരക്ക് കൂടുന്ന ഇന്നത്തെ കാലത്ത് വിവാഹത്തിന് മുമ്പ് പങ്കാളികൾ ഒരു വർഷമെങ്കിലും ഒന്നിച്ചു ജീവിക്കണമെന്ന് നടി അമേയ്‌റ ദസ്തൂർ. ‘ലിവ് ഇൻ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഏറെ ചർച്ചകൾക്ക് വഴി വെയ്ക്കുന്ന മറുപടി താരം നൽകിയത്. സോഷ്യൽമീഡിയയിലൂടെ ആരാധകരോട് സംവദിക്കുകയായിരുന്നു താരം.

‘കുങ്ഫു യോഗ’ എന്ന ജാക്കി ചാൻ സിനിമയിലൂടെയാണ് അമേയ്‌റ ശ്രദ്ധ നേടിയത്. സിനിമയും ജാക്കി ചാനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടയിലാണ് താരത്തിന്റെ ദാമ്പത്യ സംബന്ധമായ കാഴ്ചപ്പാടിനെക്കുറിച്ചും ചോദ്യമുയർന്നത്.

”വിവാഹമോചന നിരക്കുകൾ ഉയരുകയാണ്. അതിനാൽ വിവാഹത്തിനു മുമ്പ് പങ്കാളികൾ ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും ഒന്നിച്ചു ജീവിക്കണമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു”-അമേയ്‌റ മറുപടി നൽകി. 2013ലാണ് ഇസാക്കിലൂടെ അമേയ്‌റ ബോളിവുഡിൽ അരങ്ങേറിയത്.

Exit mobile version