‘പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം… നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’..! രാഹുല്‍ ദ്രാവിഡിന്റെ പരസ്യം തീയ്യേറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു

കണ്ണൂര്‍: സിനിമാ തീയ്യേറ്ററില്‍ ചെന്നിരുന്നാല്‍ സ്ഥിരം ചില ചടങ്ങുകള്‍ ഉണ്ടാകാറുണ്ട് അതിനു ശേഷമെ സ്‌ക്രീനില്‍ സിനിമ തുടങ്ങൂ. അതിലൊന്നാണ് രാഹുല്‍ ദ്രാവിഡിന്റെ റണ്‍ ഔട്ട് പരസ്യം. ‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’.. കുട്ടികള്‍ വരെ കാണാതെ ഡയലോഗ് പറയും. എന്നാല്‍ വര്‍ഷങ്ങളായി നന്നായി ഓടിക്കൊണ്ടിരിക്കുന്ന ഈ പരസ്യം തീയ്യേറ്ററുകളില്‍നിന്ന് ഔട്ടാവുകയാണ്.

ഡിസംബര്‍ 1 മുതല്‍ പുതിയ പരസ്യങ്ങളാകും തിയററ്റുകളില്‍ കാണിക്കുക.’പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങള്‍ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ ദ്രവിഡിന്റെ ഈ പരസ്യം ട്രോളന്മാര്‍ക്കും ഏറെ ഇഷ്ടമായിരുന്നു.

ശ്വാസകോശം ഒരു സ്‌പോഞ്ച് പോലയാണ് എന്ന ഹിറ്റ് പരസ്യം മാറ്റിയാണു ആരോഗ്യ മന്ത്രാലയം ദ്രാവിഡിന്റെ പുതിയ പരസ്യം കൊണ്ടുവന്നത്. ‘ഈ നഗരത്തിനിതെന്തുപറ്റി, ചിലയിടത്തു പുക, ചിലയിടത്തു കരി എന്ന പരസ്യവും ഹിറ്റായിരുന്നു. 2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രദര്‍ശിപ്പിക്കണമെന്നു നിയമം വന്നത്.

Exit mobile version