‘തലൈവ ഓണ്‍ ഡിസ്‌കവറി’; സ്‌റ്റൈല്‍ മന്നനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബെയര്‍ ഗ്രിയില്‍സ്

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ഷോയാണ് ‘മാന്‍ വേഴ്സസ് വൈല്‍ഡ്’. ഇത്തവണ ഷോയില്‍ അതിഥിയായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആണ്. ഇപ്പോഴിതാ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷോയുടെ അവതാരകാനായ ബെയര്‍ ഗ്രിയില്‍സ്. ട്വിറ്ററിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

‘ടെലിവിഷന്‍ ചരിത്രം തന്നെയായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമുള്ള ഷോയ്ക്ക് ശേഷം അടുത്തതായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എനിക്കൊപ്പം ചേരുന്നു’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഷോയുടെ ചിത്രീകരണം ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വെച്ചാണ് നടന്നത്. അതിനിടെ താരത്തിന് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചെറിയ മുള്ളുകള്‍ കൊണ്ട് ഉണ്ടായ പോറലുകള്‍ മാത്രമേയുള്ളൂവെന്നും വേറെ കുഴപ്പമൊന്നുമില്ല എന്നാണ് വിമാനത്താവളത്തില്‍ വെച്ച് രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ‘തലൈവര്‍ 168’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ രണ്ട് ദിവസത്തെ ഇടവേള എടുത്താണ് താരം ഇതിന്റെ ചിത്രീകരണത്തിനായി പോയത്. കഴിഞ്ഞ വര്‍ഷം ഈ ഷോയില്‍ മോഡി അതിഥിയായി എത്തിയിരുന്നു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ഇത് ചിത്രീകരിച്ചിരുന്നത്.

Exit mobile version