അഭിനേതാക്കളുടെ രാഷ്ട്രീയ നിലപാട് നോക്കിയല്ല കഴിവ് നോക്കിയാണ് കാസ്റ്റ് ചെയ്യാറുള്ളത്; സംവിധായിക അശ്വിനി തിവാരി

ബോളിവുഡ് താരറാണി കങ്കണയെ നായികയാക്കി അശ്വിനി തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ‘പംഗ’. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ കങ്കണ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും ജെഎന്‍യുവില്‍ അക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചു കൊണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ നിലപാട് നോക്കിയല്ല മറിച്ച് അവരുടെ കഴിവ് നോക്കിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായിക അശ്വിനി തിവാരി.

‘ഒരു ചിത്രം എടുക്കുമെങ്കില്‍ അതിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ അഭിനയിക്കാനുള്ള കഴിവിനാണ് പ്രാമുഖ്യം കൊടുക്കാറ്. കങ്കണയും സ്വരയും റിച്ച ചന്ദയുമെല്ലാം അസാമാന്യ കഴിവുള്ള അഭിനേതാക്കളാണ്. അതുകൊണ്ട് തന്നെ ഈ താരങ്ങളുടെ രാഷ്ട്രീയ നിലപാടിനേക്കാള്‍ ഞാന്‍ പ്രാമുഖ്യം കൊടുക്കുന്നത് അവരുടെ കഴിവിനാണ്. ഓഫ് സ്‌ക്രീനില്‍ അവരെങ്ങനെയാണെന്ന് ആലോചിച്ചിരുന്നാല്‍ ആ കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ അവരുടെ മികച്ച പ്രകടനം പുറത്തെത്തിക്കാനോ സാധിക്കില്ല’ എന്നാണ് അശ്വിനി തിവാരി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

അശ്വിനി തിവാരി കങ്കണയെ നായികയാക്കി ഒരുക്കിയ ചിത്രമാണ് പംഗ. ചിത്രത്തില്‍ കബഡി താരത്തിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ജെസ്സി ഗില്‍, നീന ഗുപ്ത, റിച്ച ചന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജനുവരി 24ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version