‘എന്റെ പണം കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചത്, അല്ലാതെ രണ്‍വീറിന്റെ പണം കൊണ്ടല്ല’; ദീപിക പദുക്കോണ്‍

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ‘ഛപാക്’. ചിത്രത്തില്‍ ലക്ഷ്മിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണ്‍ ആണ്. മാലതി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ദീപിക പദുക്കോണ്‍ ആണ്. അതേസമയം ചിത്രം നിര്‍മ്മിച്ചത് തന്റെ പണം കൊണ്ടാണെന്നും ഭര്‍ത്താവായ രണ്‍വീര്‍ സിംഗിന്റെ പണം അതില്‍ ഉപയോഗിച്ചിട്ടില്ലെന്നും ദീപിക പദുക്കോണ്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ‘ഛപാകി’ന്റെ വീഡിയോ ലോഞ്ചിനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ദീപിക ഈ കാര്യം വ്യക്തമാക്കിയത്.

‘ഛപാക്’ നിര്‍മ്മിക്കാന്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദീപിക നല്‍കിയ മറുപടി ഇങ്ങനെയാണ്, ‘ ഒരു നിര്‍മ്മാതാവെന്ന നിലയില്‍ എന്റെ പണമാണ് ഞാന്‍ ചിത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. ആരാണ് നിങ്ങളോട് പറഞ്ഞത് രണ്‍വീറിന്റെ പണം ഇതില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്’ എന്നാണ് താരം നല്‍കിയ മറുപടി.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാസി’യ്ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ദീപികയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിക്രം മാസ്സിയാണ് ചിത്രത്തിലെ നായകന്‍. 2020 ജനുവരി 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version