‘ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ യഥാര്‍ത്ഥ പോരാളികളായി ചിത്രീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്’; ‘ഛപാകി’നെ കുറിച്ച് ലക്ഷ്മി അഗര്‍വാള്‍

'ഛപാക്' സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തും

ദീപിക പദുക്കോണിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഛപാക്’. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ യഥാര്‍ത്ഥ പോരാളികളായി ചിത്രീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നാണ് ലക്ഷ്മി അഗര്‍വാള്‍. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറക്കിയ വേദിയില്‍ വെച്ചാണ് ലക്ഷ്മി ഇത്തരത്തില്‍ പറഞ്ഞത്.

‘ഞാന്‍ ഇന്ന് വളരെ സന്തോഷവതിയാണ്. 2013 ന് മുമ്പ് ആസിഡ് ആക്രമണത്തെ കുറിച്ച് ആരും സംസാരിക്കുമായിരുന്നില്ല. എന്നാല്‍ ആ ആക്രമണം നേരിടേണ്ടി വന്ന ചിലര്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്ന് സ്വന്തം കഥ പറഞ്ഞു. ഇപ്പോഴിതാ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കുറിച്ച് ഒരു സിനിമയും വരുന്നു. ‘ഛപാക്’ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്റെ വേഷത്തില്‍ എത്തുന്ന ദീപിക പദുക്കോണിന് ഞാന്‍ നന്ദി പറയുന്നു. ബാഹ്യസൗന്ദര്യമല്ല പ്രധാനമെന്ന് താങ്കള്‍ കാണിച്ചതിന് ഞാന്‍ സന്തോഷവതിയാണ്. എങ്ങനെയാണ് ഇന്നത്തെ പോരാളികള്‍ അന്ന് ഇരകളാക്കപ്പെട്ടത് എന്ന് കാണിക്കേണ്ടത് പ്രധാനമാണ്. നമുക്ക് അതിന് ഒരു ബോധവല്‍ക്കരണം നമ്മുടെ ഈ ചിത്രത്തിലൂടെ നടത്താന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആ വിഷം നീക്കാനാകും. എന്തൊക്കെയാണ് ആസിഡ് ആക്രമണം നേരിട്ടവര്‍ക്ക് അനുഭവിക്കേണ്ടി വന്നതെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും’ എന്നാണ് ലക്ഷ്മി അഗര്‍വാള്‍ പറഞ്ഞത്.

നേരത്തേ ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് അനുകമ്പയുടെ ആവശ്യമില്ലെന്നും അവര്‍ക്ക് തുല്യ പരിഗണനയാണ് ആവശ്യമെന്നും നമ്മളില്‍ ഒരാളായി അവരെ പരിഗണിക്കാന്‍ നമ്മള്‍ ശീലിക്കണമെന്നാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ പറഞ്ഞത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാസി’യ്ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഛപാക്’. മാലതി എന്ന കഥാപാത്രമായിട്ടാണ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിക്രം മാസ്സിയാണ് ചിത്രത്തിലെ നായകന്‍. 2020 ജനുവരി 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version