2020ലെ ആദ്യ താര വിവാഹത്തിന് ഒരുങ്ങി മോളിവുഡ്; നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു

ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം രണ്ടാം തീയതിയാണ്

നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ അലീന കാതറിന്‍ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം രണ്ടാം തീയതിയാണ്. അലീന തന്നെയാണ് വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അലീനയുടെ ജന്മദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് അലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍ അറിഞ്ഞത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലൂടെയാണ് ബാലു വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒമര്‍ലുലു സംവിധാനം ചെയ്ത ‘ചങ്ക്‌സ്’ എന്ന ചിത്രത്തില്‍ നായകനായി എത്തിയത് ബാലുവായിരുന്നു. ഇതിഹാസ, ഹണീ ബീ, കിംഗ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവയാണ് ബാലു വര്‍ഗീസിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അലീന. സൗന്ദര്യ മത്സരവേദികളിലും മോഡലിംഗ് രംഗത്തും സജീവമാണ് എലീന. മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും അലീന അഭിനയിച്ചിട്ടുണ്ട്.

Exit mobile version