ആക്ഷന്‍ ഹീറോ ആയി ജയസൂര്യ; പുള്ള് ഗിരിയെ ഏറ്റെടുത്ത് പ്രേക്ഷകര്‍; തീയേറ്റര്‍ ലൈവ്

ക്രിസ്മസ് റിലീസായി തീയറ്ററുകളില്‍ എത്തിയ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം തൃശ്ശൂര്‍ പൂരം
പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മാസ്, ആക്ഷന്‍, സ്റ്റൈല്‍ കോമ്പോയിലാണ് അണിയിച്ചൊരിക്കിയിരിക്കുന്നത്.

സാധാരണക്കാരനില്‍ നിന്നും പുള്ള് ഗിരിയെന്ന ഗുണ്ടയിലേക്കുള്ള ജയസൂര്യ കഥാപാത്രത്തിന്റെ വളര്‍ച്ചയും,അതിനിടയില്‍ സംഭവിക്കുന്ന ചെറിയ പ്രണയവുമാണ് ചിത്രം പറയുന്നത്. തിരക്കഥയുടെ ആത്മാവ് ചോര്‍ന്നു പോകാതെ അതെ വികാരത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിലാണ് സംവിധായകന്‍ കൈയ്യടി അര്‍ഹിക്കുന്നത്.

സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേണി എന്ന നായിക, ഗിരിയുടെ ഒപ്പം തന്നെ പിടിച്ചു നില്‍ക്കുന്നുണ്ട്. മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, വിജയ് ബാബു, സാബു, മണിക്കുട്ടന്‍, ടിജെ രവി, സുധീപ് നായര്‍, സൂധീര്‍ കരമന, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്.

ഗിരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്നത് ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയാണ്. കൈയ്യടി അര്‍ഹിക്കുന്ന പ്രകടനമാണ് അദ്വൈത് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്. ഗിരിയുടെ ഇടവും വലവും നില്‍ക്കുന്ന വിശ്വസ്തരായി നിന്ന മുരുകന്റെയും മണിക്കുട്ടന്റെയും പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.

സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി തിരക്കഥ എഴുതിയ ചിത്രം എന്ന പ്രത്യേകത തൃശ്ശൂര്‍ പൂരത്തിനുണ്ട്.ആര്‍ഡി രാജശേഖറിന്റെ ഫ്രെയിമുകളാണ് ചിത്രത്തെ വേറിട്ടതാകുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിനയ് ബാബുവും ചേര്‍ന്നാണ് നിര്‍മാണം.

എന്തായാലും മാസ്സ് കാണിച്ച് പുള്ള് ഗിരിയും ഗഡികളും പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ്. ഈ ക്രിസ്മത് പുള്ള് ഗിരി കൊണ്ടു പോയി എന്നാണ് പ്രേക്ഷകരില്‍ പലരും പറയുന്നത്. എന്തായാലും ക്രിസ്മസിന് കുട്ടികളും കുടുംബവുമായി കാണാന്‍ പറ്റിയൊരു സിനിമ എന്ന നിലയില്‍ തൃശ്ശൂര്‍ പൂരം നിരാശപ്പെടുത്തില്ല.

Exit mobile version