രസകരമായ കണക്കിലൂടെ ‘ശകുന്തളാ ദേവി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് വിദ്യാബാലന്‍

ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം

മിഷന്‍ മംഗളിന് ശേഷം വിദ്യാ ബാലന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ശകുന്തളാ ദേവി’. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോഴിതാ രസകരമായ കണക്കിലൂടെ ‘ശകുന്തളാ ദേവി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാബാലന്‍.

ചിത്രത്തിന്റെ റിലീസ് കൃത്യമായി ഇന്നേയ്ക്ക് 148 ദിവസം കഴിഞ്ഞാണ് എന്നാണ് ആദ്യം വീഡിയോയില്‍ വിദ്യാ ബാലന്‍ പറയുന്നത്. കണക്കുകൂട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വിദ്യാ ബാലന്‍ മറ്റൊരു സൂചന കൂടി നല്‍കുന്നുണ്ട്. 2020 മെയ് എട്ടിനാണ് ചിത്രത്തിന്റെ റിലീസ്. എന്തായാലും നേരത്തേ ചിത്രത്തിലെ താരത്തിന്റെ ലുക്ക് വൈറലായത് പോലെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ലണ്ടനിലും ഇന്ത്യയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ശകുന്തള ദേവിയുടെ വ്യക്തി പ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായതിന് കാരണം എന്നും ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയിലാണ് താനെന്നുമാണ് ചിത്രത്തെ കുറിച്ച് നേരത്തേ വിദ്യാ ബാലന്‍ പറഞ്ഞത്. ശകുന്തള ദേവിയുടെ ഇരുപത് വയസ്സു മുതല്‍ അവസാനകാലം വരെയുള്ള ഗെറ്റപ്പിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ എത്തുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആറാമത്തെ വയസില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തള ദേവി ആദ്യം കൈയ്യടി നേടുന്നത്. പിന്നീട് എട്ടാമത്തെ വയസില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം കണ്ടെത്തിയത്.

201 അക്ക സംഖ്യയുടെ 23-ആം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെയാണ് കണ്ടെത്തിയത്. 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇംബീരിയല്‍ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്‍ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ടാണ് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരം ശകുന്തള ദേവി നല്‍കിയത്. ഇത് ഗിന്നസ് ബുക്കില്‍ ഇടംനേടിയ പ്രകടനം കൂടിയായിരുന്നു.

Exit mobile version