‘എനിന്ന എനിതന്ന എനിതെന്ന ചെയ്യാനാ’; മഞ്ജുവിന്റെ ‘പ്രതി പൂവന്‍ കോഴി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘എനിന്ന എനിതന്ന എനിതെന്ന ചെയ്യാനാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

പി ജയചന്ദ്രനും അഭയ ഹിരണ്‍മയിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. അനില്‍ പനച്ചൂരാന്റെതാണ് വരികള്‍. ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’.

ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ്ഗേള്‍ ആയിട്ടാണ് താരം എത്തുന്നത്. ഈ ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തുന്നത്.

‘ആന്റപ്പന്‍’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുശ്രീ, അലന്‍സിയര്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version