അയോധ്യ വിധി; സിനിമയാക്കാന്‍ ഒരുങ്ങി കങ്കണ, തിരക്കഥ ഒരുക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്ത്

'അപരാജിത അയോധ്യ' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിധിക്ക് പിന്നാലെ ഇപ്പോള്‍ ഈ വിഷയം സിനിമയാകാന്‍ പോവുകയാണ്. ബോളിവുഡ് താരസുന്ദരി കങ്കണയാണ് അയോധ്യ വിധിയെ കുറിച്ചുള്ള ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതാവട്ടെ ബാഹുബലി സീരീസിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ്.

‘മണികര്‍ണിക’, ‘തലൈവി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇത് മൂന്നാം തവണയാണ് വിജയേന്ദ്രപ്രസാദ് കങ്കണയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ‘അപരാജിത അയോധ്യ’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

നൂറ് കണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു വിഷയമാണ് രാമക്ഷേത്രം. എണ്‍പതുകളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍ നെഗറ്റീവ് വെളിച്ചത്തിലാണ് ഞാന്‍ അയോധ്യയുടെ പേര് കേട്ടിരുന്നത്. ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമിയാണ് ഒരു സ്വത്ത് തര്‍ക്കത്തിന് വിഷയമായത്.

ഈ കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ മുഖച്ഛായ മാറ്റി. ഇന്ത്യയുടെ മതേതര മനോഭാവം ഉള്‍ക്കൊണ്ടാണ് കേസില്‍ വിധി വന്നത്. അയോധ്യ -ബാബറി മസ്ജിദ് വിഷയത്തില്‍ നിരവധി ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ആദ്യമായിട്ടാണ് ഈ വിഷയത്തെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുന്നത്’ എന്നാണ് ഇതിനെ കുറിച്ച് കങ്കണ പറഞ്ഞത്.

Exit mobile version