അന്താരാഷ്ട്ര ചലച്ചിത്രോത്സവം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 6 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള

തിരുവനന്തപുരം: 24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 6 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള. 1000 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. ഈമാസം 25ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 ആയിരിക്കും ഫീ. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് ഡെലിഗേറ്റ് ഫീ. ആകെ പതിനായിരം പാസുകളാണ് വിതരണം ചെയ്യുക.

അതേസമയം 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് നേരത്തെ പുറത്തുവന്നിരുന്നു . ‘ഇന്ത്യന്‍ സിനിമ ഇപ്പോള്‍’, ‘മലയാളം സിനിമ ഇപ്പോള്‍’ എന്നീ രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള സിനിമകളും ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് ഇടംപിടിച്ച സിനിമകളും ലിസ്റ്റില്‍ ഉണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’, കൃഷന്ദ് ആര്‍ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരം’ എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍. ഫഹിം ഇര്‍ഷാദിന്റെ ‘ആനി മാണി’, റാഹത്ത് കസാമിയുടെ ‘ലിഹാഫി ദി ക്വില്‍റ്റ്’ എന്നിവ ഹിന്ദിയില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു.

Exit mobile version