കെഎസ് ചിത്രയ്‌ക്കൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’ പാടി ഞെട്ടിച്ച് അറബി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അടുത്തിടെ സൗദി അറേബ്യയില്‍ വെച്ച് നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സൗദി പൗരനായ അഹമ്മദ് സുല്‍ത്താന്‍ ചിത്രയ്‌ക്കൊപ്പം ഈ ഗാനം പാടിയത്

മലയാളികളുടെ പ്രിയ ഗായിക കെഎസ് ചിത്രയ്‌ക്കൊപ്പം മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമായ മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’ എന്ന ഗാനം ആലപിച്ച അറബിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അടുത്തിടെ ഗള്‍ഫ് മാധ്യമം റിയാദില്‍ സംഘടിപ്പിച്ച ഒരു സ്റ്റേജ് ഷോയിലാണ് സൗദി പൗരനായ അഹമ്മദ് സുല്‍ത്താന്‍ ചിത്രയ്‌ക്കൊപ്പം ഈ ഗാനം പാടിയത്.

ഇരുവരും ഒരുമിച്ച് പാടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിറഞ്ഞ കൈയടികളോടെ ആണ് കാണികള്‍ അഹമ്മദ് സുല്‍ത്താന്റെ പാട്ടിനെ സ്വീകരിച്ചത്. നേരത്തെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് ‘വൈഷ്ണവ ജനതോ’യും അഹമ്മദ് പാടിയിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

‘ഒരു മുറൈ വന്ത് പാര്‍ത്തായാ’ പാടിയതിന് പുറമെ ബോളിവുഡ് ചിത്രമായ ‘ലവ്’ എന്ന ചിത്രത്തില്‍ എസ്പി ബാലസുബ്രമണ്യത്തിന് ഒപ്പം ചിത്ര പാടിയ ‘സാത്തിയ തൂനെ ക്യാകിയ’ എന്ന ഗാനവും അഹമ്മദ് സുല്‍ത്താന്‍ ചിത്രയ്‌ക്കൊപ്പം ആലപിച്ചു. കെഎസ് ചിത്രയ്‌ക്കൊപ്പം ഒരു സ്റ്റേജില്‍ നിന്ന് ഗാനം ആലപിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നാണ് അഹമ്മദ് സുല്‍ത്താന്‍ പറഞ്ഞത്.

മറ്റു ഭാഷയില്‍ ഉള്ളവര്‍ക്ക് മലയാളത്തില്‍ പാട്ടുപാടാന്‍ വളരെ പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട്. താങ്കളോടൊപ്പം പാടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് കെഎസ് ചിത്ര പറഞ്ഞത്.

Exit mobile version