എന്നെ സംബന്ധിച്ച് അതൊരു വലിയ പേര്, പക്ഷേ മകന് അത് വേണ്ട, അവന്‍ ആര്യന്‍; ജാതിവാല്‍ ‘വെട്ടി’ യുവനടനും

ഫേസ്ബുക്കിലൂടെ ഇക്കാര്യം അനീഷ് പങ്കുവെയ്ക്കുകയും ചെയ്തു.

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ വിവാദവും ജാതി വിഷയം സംബന്ധിച്ചുള്ള ചര്‍ച്ചയും ഉടലെടുത്ത പശ്ചാത്തലത്തില്‍ മകന്റെ ജാതിപ്പേര് വെട്ടാന്‍ തീരുമാനിച്ച് യുവനടന്‍ അനീഷ് ജി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകന്റെ പേരിടല്‍ ചടങ്ങ്. ഈ ചടങ്ങിലാണ് മകന്റെ പേരില്‍ മേനോന്‍ എന്ന് ചേര്‍ക്കുന്നില്ലെന്ന് താരം തീരുമാനിച്ചത്. ഫേസ്ബുക്കിലൂടെ ഇക്കാര്യം അനീഷ് പങ്കുവെയ്ക്കുകയും ചെയ്തു.

15- 20 കൊല്ലം മുന്‍പ് ആ വാല്‍ക്കഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തനിക്ക് തോന്നിയിരുന്നില്ലെന്ന് അനീഷ് പറയുന്നു. പറയാനും, എഴുതാനും അഴകുള്ള ഒരു പേര് അത്രേയെ തോന്നിയുള്ളൂവെന്നും അനീഷ് കുറിച്ചു. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം വാല്‍ ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മേനോന്‍/ നായര്‍ വാലുകളില്ലതെ ‘അനീഷ്’ എന്ന പേര് മാത്രമാണ് പേരിടല്‍ ചടങ്ങിന് എന്റെ അച്ഛന്‍ എന്റെ കാതില്‍ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് കഴിയുന്നത് വരെ School register-Â അനീഷ്.ജി എന്നായി പേര്. മാട്ട- മിമിക്രി സ്റ്റേജുകളില്‍ നിന്ന് ‘കെ.പി.എ.സി’ -യില്‍ നാടകം കളിക്കാന്‍ എത്തിയപ്പോഴും ആ പേര് മാറ്റമില്ലാതെ തുടര്‍ന്നു. സിനിമാ മോഹം മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ മുതല്‍ ‘അനീഷ്.ജി’ എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന് തോന്നുകയും പേരിനൊപ്പം ‘മേനോന്‍’ എന്ന വാല്‍കക്ഷ്ണംകൂടെ കൂട്ടിച്ചേര്‍ത്ത് ‘അനീഷ്.ജീ.മേനോന്‍’ എന്ന നീളമുള്ള പേരില്‍ അറിയപ്പെടാനും ഞാന്‍ ആഗ്രഹിച്ചു.

പക്ഷേ 15- 20 കൊല്ലം മുന്‍പ് ആ വല്‍കഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും, എഴുതാനും അഴകുള്ള ഒരു പേര് അത്രേയെ തോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ന് എന്റെ മകന്റെ പേരിടല്‍ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങള്‍ ഇല്ലാതെ ‘ആര്യാന്‍’ എന്ന് പേരുചൊല്ലി വിളിച്ചു. ഇന്ന് നവംബര്‍-1-2019 മുതല്‍ അവന്‍ ‘ബേബി ഓഫ് ഐശ്വര്യ’ എന്ന പോസ്റ്റില്‍ നിന്നും സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു. ‘ആര്യന്‍’

Exit mobile version