‘ബാലു എനിക്ക് സ്വന്തം സഹോദരനെ പോലെയാണ്, ഞാന്‍ വിശന്നുവലഞ്ഞപ്പോള്‍ മൂന്നു സഹോദരന്മാരും വന്നില്ല, ഇദ്ദേഹമാണ് എന്റെ സഹായത്തിന് എത്തിയത്’; യേശുദാസ്

യേശുദാസും എസ്പി ബാലസുബ്രമണ്യവും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ് ഗാനങ്ങളാണ് പിറന്നിട്ടുള്ളത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒരുമിച്ച് പാടിയത്. ഈ പാട്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അടുത്ത് സിംഗപ്പൂരില്‍ നടന്ന ‘വോയ്‌സ് ഓഫ് ലെജന്‍സ്’ എന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഈ പരിപാടിയില്‍ വെച്ചാണ് ഗാനഗന്ധര്‍വന്‍ യേശുദാസ് എസ്പിബിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്നത്.

‘ബാലു എന്നാല്‍ എനിക്ക് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. ഈ കാര്യം ഇപ്പോള്‍ നിങ്ങളോട് പറയാതിരിക്കാന്‍ വയ്യ. പണ്ട് പാരീസില്‍ ഒരു പരിപാടിയ്ക്ക് പോയി തിരിച്ച് ഹോട്ടലില്‍ എത്തിയത് വിശന്ന് വലഞ്ഞാണ്. എന്നാല്‍ റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്. നോക്കിയപ്പോള്‍ അത് ഈ അനുജനാണ്.

അദ്ദേഹത്തിന്റെ കൈയില്‍ സാദം ഉണ്ടായിരുന്നു. പുറത്ത് പരിപാടികള്‍ക്ക് പോകുമ്പോഴെല്ലാം ഇയാള്‍ അരി കൈയില്‍ കരുതാറുണ്ട്. അങ്ങനെ കൊണ്ടു വന്ന അരിയും ചട്ണിപ്പൊടിയും എല്ലാം ചേര്‍ത്ത് സ്വന്തം റൂമില്‍ വെച്ച് പാകം ചെയ്ത് എനിക്ക് കൊണ്ടു വന്നു തന്നതാണ്. എന്തൊരു സ്വാദായിരുന്നു! കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ ആ മൂന്നു സഹോദരന്‍മാരാരും വന്നില്ല. ഇദ്ദേഹമാണ് വന്നത്. അത് മറക്കാനാകില്ലെനിക്ക്. ഇത്രമേല്‍ പവിത്രമായ ഒരു ബന്ധം സമ്മാനിച്ച സംഗീതത്തിനു നന്ദി പറഞ്ഞു കൊള്ളട്ടെ’ എന്നാണ് യേശുദാസ് പരിപാടിയില്‍ പറഞ്ഞത്.

Exit mobile version