ഇന്ത്യയ്ക്കും ലോകത്തിനും മറ്റൊരു ഗാന്ധി അവതരിക്കേണ്ടതുണ്ട്; മോഡിയെ വാഴ്ത്തി ഷാരൂഖ് ഖാൻ; കൂടെ നിന്ന് ആമിർ ഖാൻ

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മ വാർഷികവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ സിനിമാ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും പരിചിതമാക്കുന്നതിനും ഇന്ത്യൻ സിനിമാരംഗം സുത്യർഹമായ സംഭാവനകൾ ചെയ്‌തെന്നും അതിന് സിനിമാപ്രവർത്തകരോട് കടപ്പാടുണ്ടെന്നും പ്രധാനമന്ത്രി മോഡി അറിയിച്ചു. ന്യൂഡൽഹിയിൽ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോഡിയുടെ വാക്കുകൾ. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, രാജ്കുമാർ ഹിറാനി, കങ്കണ റണാവത്ത്, എസ്പി ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

മോഡിയുടെ പ്രശംസയ്ക്ക് തൊട്ടുപിന്നാലെ നന്ദി അറിയിച്ച് ബോളിവുഡ് താരം ആമിർ ഖാനും രംഗത്തെത്തി. ബാപ്പുജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ തുടർന്നും ക്രിയാത്മകമായ ഇത്തരം പ്രവർത്തികൾ ചലച്ചിത്ര രംഗത്ത് നിന്ന് ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഇക്കാര്യം എടുത്തുപറഞ്ഞതിൽ നന്ദിയുണ്ടെന്നും പരിപാടിക്കിടെ ആമിർ പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ ഇന്ത്യയിലേക്കും ലോകത്തേക്കും മഹാത്മാ ഗാന്ധി വീണ്ടും അവതരിക്കേണ്ടതുണ്ടെന്നായിരുന്നു നടൻ ഷാരൂഖ് ഖാന്റെ പ്രതികരണം. നാം ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, നരേന്ദ്ര മോഡി സ്വച്ഛ് അഭിയാനിലൂടെ ഇക്കാര്യം വീണ്ടും അവതരിപ്പിച്ചു. നാമെല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരായി. നമ്മളിൽ ഇക്കാര്യത്തിൽ കൂടുതൽ അവബോധമുണ്ടാക്കാൻ സാധിച്ചു. നല്ലൊരു ആശയമാണത്. അതുകൊണ്ടുതന്നെ മഹാത്മാഗാന്ധി വീണ്ടും അവതരിക്കണമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നു. മാറുന്ന ലോകത്ത് ഗാന്ധിജി 2.0 യുടെ ആവശ്യമുണ്ടെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

Exit mobile version