നൂറു കോടി ക്ലബ്ബില്‍ ഇടംനേടി ‘കാപ്പാന്‍’; കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും

'അയന്‍', 'മാട്രാന്‍' എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെവി ആനന്ദും ഒന്നിച്ച ചിത്രമാണിത്

കെവി ആനന്ദ് മോഹന്‍ലാല്‍-സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ‘കാപ്പാന്‍’ നൂറുകോടി ക്ലബില്‍ ഇടം നേടി. ട്വിറ്ററിലൂടെ ആണ് ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടിയ വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. കേക്ക് മുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിജയം ആഷോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകന്‍ കെവി ആനന്ദ്, സൂര്യ, ആര്യ, സയ്യേഷ തുടങ്ങിയവര്‍ വിജയാഘോഷത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍-സൂര്യ ടീം ആദ്യമായി ഒന്നിച്ചത്തിയ ചിത്രം കൂടിയാണിത്. ‘ജില്ല’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയാണ് താരം എത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അംഗരക്ഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തിയത്.

‘അയന്‍’, ‘മാട്രാന്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെവി ആനന്ദും ഒന്നിച്ച ചിത്രമാണിത്. സയ്യേഷയാണ് ചിത്രത്തിലെ നായിക. ആര്യ, സമുദ്രക്കനി, ഷംനാ കാസിം, ബൊമാന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം മുളകുപാടം ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

Exit mobile version