‘ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ച ഈ ഗാനത്തിനു പിന്നില്‍ നിരവധി ആളുകള്‍ രാവും പകലും അധ്വാനിച്ചിട്ടുണ്ട്’; ‘ആദ്യരാത്രി’യിലെ ‘ബാഹുബലി’ ഗാനത്തെ കുറിച്ച് സംവിധായകന്‍

ബാഹുബലിയും അതിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയതു കൊണ്ടാണ് അതുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ ഒരു ഗാനം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്

‘വെള്ളിമൂങ്ങ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘ആദ്യരാത്രി’. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ബാഹുബലി’യിലെ ഒരേ ഒരു രാജ എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങളെ പോലെയാണ് ‘ഞാനെന്നും കിനാവ് കണ്ട’ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പുതുമയുള്ള ഇത്തരമൊരു ആശയം ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ജിബു ജേക്കബ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് വ്യക്തമാക്കിയത്.

‘ബാഹുബലിയും അതിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയതു കൊണ്ടാണ് അതുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ ഒരു ഗാനം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ച ഈ ഗാനത്തിനു പിന്നില്‍ നിരവധി ആളുകള്‍ രാവും പകലും അധ്വാനിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്. സത്യം പറഞ്ഞാല്‍ ആദ്യം കുറച്ച് പേടിയുണ്ടായിരുന്നു. നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് ഈ ഗാനത്തിന്റെ ചിത്രീകരണം നടന്നത്. യഥാര്‍ത്ഥത്തില്‍ ഇതൊരു പരീക്ഷണമായിരുന്നു

ഇങ്ങനൊരു ആശയത്തെ കുറിച്ച് കൊറിയോഗ്രാഫര്‍ ബൃന്ദയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. മാത്രമല്ല ചിത്രീകരണത്തിനായി ഒരുക്കിയ സെറ്റ് കണ്ടപ്പോള്‍ അവര്‍ അത്ഭുതപ്പെടുകയും ചെയ്തു. അജയ് മങ്ങാട് ആണ് ഇതിന്റെ കലാസംവിധായകന്‍. അദ്ദേഹത്തിന്റെ മികവ് എടുത്തു പറയേണ്ടതാണ്. മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് ഈ ഗാനം ചിത്രീകരിച്ചത്. അജു വര്‍ഗീസും അനശ്വരയും നില്‍ക്കുന്ന സ്ഥലവും അതിനു ചുറ്റിലുമുള്ള ചില ഭാഗങ്ങളും മാത്രമാണ് സെറ്റ് ഇട്ടിരിക്കുന്നത്. ബാക്കിയൊക്കെ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് ചെയ്തത്. എന്റെ മറ്റു ചിത്രങ്ങള്‍ക്കു വേണ്ടി എഡിറ്റിംഗ് നിര്‍വഹിച്ച ഇഎസ് സൂരജ് ആണ് ഇതിന്റെയും എഡിറ്റിംഗ് ചെയ്തത്. മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ലഭിക്കുന്നതില്‍ ഒരുപാട് സന്തോഷം തോന്നുന്നു’ എന്നാണ് ജിബു ജേക്കബ് അഭിമുഖത്തില്‍ പറഞ്ഞത്.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ആന്‍ ആമിയും രഞ്ജിത് ജയറാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയരാഘവന്‍, ശ്രീലക്ഷ്മി, മനോജ് ഗിന്നസ്, ബിജു സോപാനം, സ്‌നേഹ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version