‘ കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞാവയോ’ ; കഥ പറയാന്‍ മമ്മൂട്ടിയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് പിഷാരടി

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍. ചിത്രത്തിന്റെ കഥ പറയാന്‍ മമ്മൂട്ടിയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.

മമ്മൂക്ക ചെയ്താല്‍ നന്നാകും എന്ന് തോന്നിയ ഒരു കഥ കൈയ്യില്‍ കിട്ടിയപ്പോള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റുമോ എന്ന് ഞാന്‍ മമ്മുക്കയെ വിളിച്ച് ചോദിച്ചു. ‘നാളെ കോഴിക്കോട്ടേക്ക് ഒരു യാത്രയുണ്ട്. വന്നാല്‍ ഇടപ്പള്ളിയില്‍വച്ച് വണ്ടിയില്‍ കയറാം. കാര്യം പറഞ്ഞ് കൊടുങ്ങല്ലൂരില്‍ ഇറങ്ങാം. നിന്റെ വണ്ടി എന്റെ കാറിന്റെ പിറകെ വന്നോട്ടെ’ എന്ന് മമ്മൂക്ക പറഞ്ഞു.

പിറ്റേദിവസം പറഞ്ഞതുപോലെ ഞാന്‍ മമ്മൂക്കയുടെ കാറില്‍ കയറി. കാറ് കുറച്ചുദൂരം സഞ്ചരിച്ചപ്പോള്‍ മമ്മൂക്ക ചോദിച്ചു ‘എന്താ കാര്യം’. ഒരു കഥ പറയാന്‍ വന്നതാ എന്ന് ഞാന്‍. ‘കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞാവയോ’ മമ്മൂക്കയുടെ മറുപടി കേട്ടതോടെ എന്റെ കാറ്റുപോയി. കഥ ഒഴിക മറ്റുപല കാര്യങ്ങളും സംസാരിച്ച് ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ എത്തി. ‘തന്റെ വണ്ടിയോട് തിരിച്ചുപോകാന്‍ പറ നമുക്ക് കോഴിക്കോട് വരെ പോകാം’ മമ്മൂക്ക പറഞ്ഞു.

അങ്ങനെ ആ യാത്ര കോഴിക്കോട് വരെ നീണ്ടു. കോഴിക്കോട് എത്താറായപ്പോള്‍ മമ്മൂക്ക ചോദിച്ചു. ‘എന്താ കഥ ? നാലുവരിയിലൊതുക്കി ചിത്രത്തിന്റെ മൂലകഥ ഞാന്‍ പറഞ്ഞു. മമ്മൂക്കക്ക് കഥ ഇഷ്ടമായി. പിന്നീട് പല തവണ ചര്‍ച്ച ചെയ്ത ഞങ്ങള്‍ തിരകഥ വികസിപ്പിച്ചു. അങ്ങനെയാണ് ഗാനഗന്ധര്‍വന്‍ എന്ന പ്രൊജക്ട് ഉണ്ടാവുന്നത്- രമേഷ് പിഷാരടി പറയുന്നു.

Exit mobile version