‘മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്, ഞാന്‍ ഒരു ചെറിയ കൂണും’; സൂര്യ

സൂര്യ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്

മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘കാപ്പാന്‍’ തീയ്യേറ്ററുകളില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് ചിത്രത്തിന്റെ കേരളാ പ്രസ് മീറ്റ് നടന്നിരുന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, സൂര്യ, സംവിധായകന്‍ കെവി ആനന്ദ്, നടി സയേഷ, ഷംന കാസിം, സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ വെച്ച് നടന്‍ സൂര്യ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്.

‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി. മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഇങ്ങനെ ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്’ എന്നാണ് സൂര്യ ചടങ്ങില്‍ പറഞ്ഞത്.

കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളിലെത്തും. മോഹന്‍ലാല്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയി എത്തുന്ന ചിത്രത്തില്‍ എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ എത്തുന്നത്. ആര്യ, സയ്യേഷ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version