പ്രസംഗത്തിനിടെ ‘മമ്മൂക്കാ’ എന്ന് നീട്ടി വിളിച്ച് കുരുന്ന്; ‘എന്തോ’ എന്ന് വിളി കേട്ട് മമ്മൂട്ടി; ഹൃദയം കീഴടക്കി വീഡിയോ

ഒരു വിളിയിൽ ആരാധകരുടെ സ്വന്തം മമ്മൂക്കയുടെ ലാളിത്യം എല്ലാം വെളിപ്പെടുകയാണ് ഇവിടെ

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി വലിയ ഗൗരവക്കാരനാണെന്നാണ് ഇതുവരെ കേട്ടതെല്ലാം. എന്നാൽ പുറമെ വലിയ സ്‌നേഹപ്രകടനമൊന്നും കാണിച്ചില്ലെങ്കിലും ആളുടെ ഉള്ളിൽ പിഞ്ചുമനസാണെന്ന് അടുപ്പമുള്ളവർ പറഞ്ഞ് ധാരാളം നമ്മൾ കേട്ടിരിക്കും. ഈ വാക്കുകൾ സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ.

ഒരു വിളിയിൽ ആരാധകരുടെ സ്വന്തം മമ്മൂക്കയുടെ ലാളിത്യം എല്ലാം വെളിപ്പെടുകയാണ് ഇവിടെ. കൊച്ചിയിൽ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു സംഭവം. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. മമ്മൂട്ടി പ്രസംഗിക്കാൻ വേദിയിലെത്തുകയും ഗൗരവത്തോടെ പ്രസംഗം തുടങ്ങുന്നതുമാണ് കാഴ്ച. അപ്പോൾ കാണികൾക്ക് ഇടയിൽ നിന്നും ഒരു കുഞ്ഞിന്റെ സ്‌നേഹ വിളി എത്തിയത്. ‘മമ്മൂക്കാ..’ എന്ന നീട്ടിയുള്ള ആ വിളി കേൾക്കാതിരിക്കാൻ മമ്മൂട്ടിക്കുമായില്ല. പ്രസംഗത്തിനിടെ തന്നെ ആ വിളിക്ക് സ്വാഭാവിക ഭാവത്തിൽ മമ്മൂട്ടിയുടെ മറുപടി: ‘എന്തോ..’. മധുരമുള്ള ആ എന്തോ..വിളി കേൾക്കലിൽ മനസ് നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് സംഭവത്തെ അഭിനന്ദിച്ചത്.

കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷന്റെ പത്താം വാർഷികാഘോഷവും മമ്മൂട്ടിയുടെ പിറന്നാളാഘോഷവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. പിന്നീട് വേദിയിൽ നിന്നും പോകുമ്പോൾ ആ കുഞ്ഞിനെ പോയി ലാളിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പരിപാടി കഴിഞ്ഞ് മമ്മൂട്ടി തന്നെയാണ് ആരാണ് ആ കുഞ്ഞ് എന്ന് തിരക്കിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യാക്കോസിന്റെ മകൻ നോവ ആണ് ആ കുഞ്ഞുതാരം.

Exit mobile version