നയന്‍താര-നിവിന്‍ പോളി ചിത്രം ‘ലവ് ആക്ഷന്‍ ഡ്രാമ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നിവിന്‍ പോളി-നയന്‍താര ജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഓണച്ചിത്രമായി ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തീയ്യേറ്ററുകളിലെത്തും.

ശ്രീനിവാസന്റെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായികാ നായകന്മാര്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും. നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അജു വര്‍ഗീസ് നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Exit mobile version