‘സത്യം പറഞ്ഞാല്‍ ഞാന്‍ ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകനല്ല, ഇഷ്ടപ്പെട്ട മലയാള ചിത്രം ഇതാണ്’; മനസ് തുറന്ന് പ്രഭാസ്

രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യന്‍ താരമാണ് പ്രഭാസ്. ബാഹുബലിയുടെ വിജയത്തിന് ശേഷം വീണ്ടും ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ആക്ഷന് ഏറെ പ്രധാന്യം നല്‍കി ചിത്രീകരിച്ച സാഹോ ആണ് താരത്തിന്റെ തീയ്യേറ്ററുകളിലെത്തുന്ന അടുത്ത ചിത്രം.

തനിക്ക് ആക്ഷന്‍ ചിത്രങ്ങളോട് അത്ര താല്‍പര്യം ഇല്ലെന്നാണ് താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മലയാളത്തിലെയും തമിഴിലെയും തന്റെ ഇഷ്ട ചിത്രങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം താരം കൊച്ചിയില്‍ വന്നിരുന്നു.

‘സത്യം പറഞ്ഞാല്‍ ഞാന്‍ ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകനല്ല. എന്റെ പ്രിയപ്പെട്ട ചിത്രം മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ്. മലയാളത്തില്‍ പ്രേമവും. അമിതാഭ് ബച്ചന്‍, രജനീകാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി അവരോട് വലിയ ആരാധനയുണ്ട്’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

സുജീത് സംവിധാനം ചെയ്ത ‘സാഹോ’യില്‍ ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷറഫ്, ലാല്‍, മന്ദിര ബേദി, അരുണ്‍ വിജയ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി ഈ മാസം 30 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version