പിന്തുടർന്ന് വന്ന് അപകടം വരുത്തിവെയ്ക്കരുത്; ആരാധകരെ ഉപദേശിച്ച് മോഹൻലാൽ

കഴിഞ്ഞ ദിവസം നടൻ മോഹൻലാലിനെ ബുദ്ധിമുട്ടിച്ച് ആരാധക കൂട്ടം അദ്ദേഹത്തേയും വളയുകയായിരുന്നു.

സെലിബ്രിറ്റികളെ പ്രതീക്ഷിക്കാതെ പൊതുയിടങ്ങളിൽ കാണുമ്പോൾ പലപ്പോഴും ആരാധകർക്ക് സ്വയം നിയന്ത്രണം വിട്ടുപോകാറുണ്ട്. പിന്നീട് ഒരു സെൽഫിക്കും ഓട്ടോഗ്രാഫിനുമൊക്കെയായി അപകടകരമായ സാഹസിക കൃത്യങ്ങൾക്ക് മുതിരുകയും ചെയ്യും.

ഇത്തരത്തിൽ സ്‌നേഹം പരിധിവിടുമ്പോൾ താരങ്ങളെ ബുദ്ധിമുട്ടിക്കാനും ആരാധകർ മടിക്കാറില്ല. താരങ്ങൾക്ക് മനുഷ്യപരിഗണന നൽകുന്നതൊക്കെ മറന്ന് പരിധിവിട്ട് അങ്ങ് സ്‌നേഹിക്കുന്ന ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സാക്ഷാൽ മോഹൻലാൽ.

കഴിഞ്ഞ ദിവസം നടൻ മോഹൻലാലിനെ ബുദ്ധിമുട്ടിച്ച് ആരാധക കൂട്ടം അദ്ദേഹത്തേയും വളയുകയായിരുന്നു. ഒരു പരിപാടിയിൽ പങ്കെടുത്ത് തിരുവല്ല വഴി തിരിച്ചു പോകുമ്പോഴാണ് ആരാധകർ മോഹൻലാലിനെ കണ്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു.

തന്റെ പിറകിൽ ഒരു കൂട്ടം യുവാക്കൾ ബൈക്കിൽ വരുന്നത് കണ്ട മോഹൻലാൽ കാർ നിർത്തി കാര്യം തിരക്കി. ലാലേട്ടനോടൊപ്പം ഒരു ചിത്രമെടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ആരാധകരുടെ ആവശ്യത്തോട് നോ പറയാത്ത മോഹൻലാൽ കാറിൽ നിന്നും ഇറങ്ങി. ഇതോടെ അദ്ദേഹത്തിന് ചുറ്റും ആളുകളും കൂടി. പിന്നീട് പോലീസ് സ്ഥലത്തെത്തി മോഹൻലാലിനെ സുരക്ഷിതമായി കാറിലെത്തിക്കുകയും ആരാധകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒടുവിൽ വാഹനത്തിനെ പിന്തുടർന്ന് അപകടം വരുത്തി വെയ്ക്കരുതെന്ന് സ്‌നേഹത്തോടെ ഉപദേശിച്ചുകൊണ്ടാണ് താരം മടങ്ങിയത്.

Exit mobile version