ഡോക്ടര്‍ കുടുംബത്തില്‍ നിന്നൊരു സിവില്‍ സെര്‍വന്റ് : മിഥുന്‍ പ്രേംരാജിന്റെ ഐഎഎസ് യാത്ര

ഡോക്ടര്‍ കുടുംബത്തില്‍ നിന്നൊരു സിവില്‍ സെര്‍വന്റ്.. കേള്‍ക്കുമ്പോള്‍ അത്ര വിചിത്രമായി തോേന്നണ്ട കാര്യമൊന്നുമില്ലെങ്കിലും നമ്മുടെ സോ കോള്‍ഡ് നാട്ടുനടപ്പൊക്കെ വെച്ച് അതെന്താ അങ്ങനെ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ഇതേ തോന്നലായിരുന്നു എംബിബിസ് കഴിഞ്ഞ് ഐഎഎസ് ആണ് ലക്ഷ്യം എന്നറിയിച്ചപ്പോള്‍ മിഥുന്‍ പ്രേംരാജിന്റെ വീട്ടുകാര്‍ക്കും.

അച്ഛനും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും ഡോക്ടര്‍മാര്‍. അമ്മ ആരോഗ്യരംഗത്തെ സജീവ പ്രവര്‍ത്തക. ഇവരുടെ ഇടയില്‍ നിന്നാണ് സിവില്‍ സര്‍വീസ് എന്ന ലക്ഷ്യവുമായി മിഥുന്‍ ഐലേണ്‍ ഐഎഎസ് അക്കാഡമിയിലെത്തുന്നതും 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ പന്ത്രണ്ടാം റാങ്ക് നേടി കേരളത്തിന്റെ മുഴുവന്‍ അഭിമാനമായി മാറുന്നതും.

വളരെ ആസ്വദിച്ച് ഇഷ്ടപ്പെട്ട് തന്നെയായിരുന്നു മിഥുന്റെ മെഡിസിന്‍ പഠനം. എന്നാല്‍ ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കേ ഐഎഎസ് എന്ന മോഹം മിഥുന്റെ മനസ്സില്‍ കയറിക്കൂടി. ഡോക്ടര്‍ ജോലി തീര്‍ച്ചയായും സാമൂഹിക സേവനം തന്നെയാണെങ്കിലും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിന് തക്കതായ അധികാരം ഉറപ്പ് നല്‍കുന്ന ജോലി ചെയ്യണം എന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നില്‍. സമൂഹത്തിന്റെ ഉമനത്തിനായി പരിശ്രമിക്കാന്‍ അധികാരമുള്ള ജോലിയിലാകണം തന്റെ കരിയര്‍ എന്ന് റൂറല്‍ പോസ്റ്റിംഗിന്റെ സമയത്ത് മിഥുന്‍ ഉറപ്പിച്ചു.

പിജിക്ക് പോകാന്‍ പണ്ടേ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഹൗസ് സര്‍ജന്‍സിക്ക് ശേഷം മിഥുന്‍ ഒരു ചെറിയ ബ്രേക്ക് എടുത്തിരുന്നു. ഈ സമയത്ത് ഒരുപാട് പേരുടെ സിവില്‍ സര്‍വീസ് സക്‌സസ് സ്റ്റോറീസ് കേള്‍ക്കാനിടയായതും മിഥുന്റെ തീരുമാനത്തിന് ഏറെ പ്രചോദനമേകി. കരിയര്‍ ഉറപ്പിച്ചതിന് ശേഷം ഇത് വീട്ടിലവതരിപ്പിക്കുക എന്നതായിരുന്നു പിന്നത്തെ കടമ്പ.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങിയ ഒരാള്‍ പെട്ടന്ന് സിവില്‍ സര്‍വീസിലേക്ക് തിരിയുകയാണ് എന്ന് കേട്ടപ്പോള്‍ ആദ്യം ഒരു ഞെട്ടലായിരുന്നു എല്ലാവര്‍ക്കും. പക്ഷേ അല്‍പ സമയത്തേക്ക് മാത്രമുണ്ടായിരുന്ന ആ ഞെട്ടല്‍ മാറ്റിവെച്ച് പിന്നീടുള്ള മിഥുന്റെ സിവില്‍ സര്‍വീസ് യാത്രയിലുടനീളം താങ്ങായും തണലായും കുടുംബം കൂടെനിന്നു.

സിവില്‍ സര്‍വീസ് പഠനത്തിനായി മിഥുന്‍ ആദ്യം ജോയിന്‍ ചെയ്തത് കേരള സിവില്‍ സര്‍വീസ് അക്കാഡമിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് ഐലേണിലെ മെന്റര്‍ നിഖിലിനെ പരിചയപ്പെടുന്നതോടെയാണ് ഐലേണുമൊത്തുള്ള മിഥുന്റെ യാത്ര ആരംഭിക്കുന്നത്. ജ്യോഗ്രഫി ക്ലാസ്സുകള്‍ക്കായായിരുന്നു ഐലേണിലെ മിഥുന്റെ ആദ്യ ജോയിനിംഗ്. പിന്നീട് മുഴുവന്‍ സമയ വിദ്യാര്‍ഥിയായി മിഥുന്‍ ഐലേണിന്റെ ഭാഗമായി. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഒരാള്‍ മെഡിസിന്‍ തന്നെയാണ് ഓപ്ഷണല്‍ ആയി എടുക്കാറുള്ളതെങ്കിലും മെഡിസിന്‍ വേണ്ട എന്നതായിരുന്നു മിഥുന്റെ തീരുമാനം. എന്തെന്നാല്‍ ഒന്ന് മെഡിസിന്‍ വളരെ വിശാലമായ ഒരു വിഷയമാണെന്നതും പിന്നെ പ്രാക്ടിക്കല്‍ ഇല്ലാത്ത തിയറി പഠനം ആസ്വദിക്കാനാകുമോ എന്ന സംശയവും. ഇതോടെ ജ്യോഗ്രഫിയില്‍ ഓപ്ഷണല്‍ ഉറപ്പിച്ചു.

നിഖില്‍ സര്‍ന്റെ ക്ലാസുകള്‍ സാധാരണ സ്‌കൂളില്‍ പഠിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി വിഷയത്തില്‍ ഇഷ്ടം തോന്നുന്ന രീതിയിലായിരുന്നു എന്നത് ഓപ്ഷണല്‍ തിരഞ്ഞെടുക്കാന്‍ വളരെ ഉപകാരപ്പെട്ടു എന്ന അഭിപ്രായമാണ് മിഥുന്. കൂടാതെ ജ്യോഗ്രഫി എടുക്കുന്നത് ജിഎസിനും പ്രിലിംസിനുമൊക്കെ ഏറെ പ്രയോജനം ചെയ്യും എന്നതും പഠിക്കാന്‍ മെറ്റീരിയലുകള്‍ ധാരാളമുണ്ട് എന്നതും ജ്യോഗ്രഫിയില്‍ ഓപ്ഷണല്‍ ഉറപ്പിക്കാന്‍ കാരണമായി.

പഠിക്കുന്നതിന് തന്റേതായ രീതിയുണ്ടായിരുന്നു മിഥുന്. പഠിക്കാനുള്ളതൊക്കെ ചെറിയ ചെറിയ നോട്ടുകളാക്കി കയ്യില്‍ കരുതും. നടക്കുമ്പോളോ വെറുതേ ഇരുക്കുമ്പോളോ ഒക്കെ ഇതെടുത്ത് നോക്കി ഓര്‍മ പുതുക്കും. ക്വസ്റ്റിയന്‍ പ്പേപറുകള്‍ സോള്‍വ് ചെയ്യുന്നത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടേ ഉള്ള ശീലമായതിനാല്‍ പരിശീലനത്തിലുടനീളം ഇതും പതിവാക്കിയിരുന്നു. ഐലേണിലെ ടെസ്റ്റ് സീരീസുകളും അവസാന റിസള്‍ട്ടിന് ഏറെ മുതല്‍ക്കൂട്ടായി.

ഉത്തരമെഴുത്തായിരുന്നു മിഥുന് വെല്ലുവിളിയായിരുന്ന ഒരു കാര്യം. പെര്‍ഫക്ട് ആന്‍സറുകളാണെങ്കിലും ഓരോ ആന്‍സറും എഴുതാനെടുക്കുന്ന സമയം ഒരുപാട് ആന്‍സറുകള്‍ അറ്റന്‍ഡ് ചെയ്യാതെ വിടുന്നതിന് കാരണമായി. ഐലേണിലെ മെന്റര്‍ഷിപ്പാണ് ഈ പ്രശ്‌നത്തിനും പരിഹാരം കണ്ടത്. ഐലേണിലെ മെന്റേഴ്‌സിന്റെ മോട്ടിവേഷനും വിജയത്തിന് തിളക്കം കൂട്ടി.

2016 മുതല്‍ തുടര്‍ച്ചയായി സിവില്‍ സര്‍വീസിനായി തയ്യാറെടുത്തിരുന്നതിനാല്‍ ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കണമെന്ന തോന്നല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് 2019ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസള്‍ട്ട് വരുന്നത്. പ്രിലിംസ് പോലും അന്ന് ജയിക്കാന്‍ സാധിക്കാതിരുന്നത് ഒരു തരത്തില്‍ മിഥുന് ആശ്വാസമായി. മത്സരപ്പരീക്ഷയുടെ കടുത്ത സമ്മര്‍ദത്തില്‍ നിന്നും ബ്രേക്ക് എടുത്ത് മിഥുന്‍ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ നിന്ന് പിജി ഡിപ്ലോമ എടുത്തു. പിന്നീട് എഴുതിയ പരീക്ഷയിലായിരുന്നു വിജയത്തിളക്കം. ഈ ഇടവേള തന്നെ മാനസികമായി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഏറെ സഹായിച്ചുവെന്നാണ് മിഥുന്‍ പറയുന്നത്.

“ഏത് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കായാലും ആവശ്യത്തിന് ഇടവേളകള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പരീക്ഷകള്‍ക്കിടയില്‍ ഏറെ സമയം കിട്ടുമെങ്കിലും ഓരോ സിവില്‍ സര്‍വീസ് അറ്റംപ്റ്റിന് ശേഷവും ചെറിയ ബ്രേക്കുകള്‍ എടുക്കുന്നത് സമ്മര്‍ദം ഏറെ കുറയ്ക്കാന്‍ സഹായിക്കും. പിന്നെ എല്ലാ പിന്തുണയും നല്‍കി ഇഷ്ടമുള്ളവര്‍ ചുറ്റുമുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ പ്രചോദനം.” മിഥുന്‍ പറയുന്നു.

“അവസാനത്തെ അറ്റംപ്റ്റില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ റിലാക്‌സ്ഡായാണ് പരീക്ഷ എഴുതിയത്. മുമ്പത്തെ നാല് അറ്റംപ്റ്റുകളിലും കഷ്ടപ്പെട്ട് പഠിച്ചതിനാല്‍ പരീക്ഷയ്ക്ക് മാനസികമായി തയ്യാറെടുക്കുകയായിരുന്നു ആ അറ്റംപ്റ്റിലെ പ്രധാന ഫോക്കസ്.മെഡിറ്റേഷന്‍ പോലുള്ളവ ഈ കാലയളവില്‍ ചെയ്തിരുന്നു. പഠിക്കാനും എനിക്ക് സ്വന്തമായ രീതിയുണ്ടായിരുന്നു. പരീക്ഷയ്ക്കുള്ള ഓരോ ടോപ്പിക്കിനും സ്വന്തമായി നോട്ടുകള്‍ തയ്യാറാക്കി അത് വെച്ച് പഠിച്ചു. പ്രധാനപ്പെട്ട പോയിന്റുകള്‍ മാത്രം ഫോക്കസ് ചെയ്ത് റിവൈസ് ചെയ്തു. ആന്‍സറുകള്‍ കറക്ട് ടൈമില്‍ പൂര്‍ത്തിയാക്കുന്നതിലും ഇത്തവണ ഏറെ സമയം ചിലവഴിച്ചു. പിന്നെ ഐലേണിലെ മെന്റേഴ്‌സിന്റെ പിന്തുണയുമായതോടെ റാങ്ക് നേടാനായി.” മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് രണ്ടാം തരംഗം മൂലം പ്രിലിംസും മെയിന്‍സും കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു 2020ലെ പരീക്ഷയുടെ ഇന്റര്‍വ്യൂ. ഈ സമയത്ത് കോവിഡ് ഡ്യൂട്ടിയിലും സജീവമായിരുന്നു മിഥുന്‍. ഇന്റര്‍വ്യൂവിന് ചോദിച്ചതും രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള സമയത്ത് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാനുണ്ടായ കാരണമായിരുന്നു.

ഇതിന് തന്റെ ഇന്റേണ്‍ഷിപ്പ് കാലത്തെ തിരിച്ചറിവ് തന്നെയാണ്‌ മിഥുന്‍ ഉത്തരമായി പറഞ്ഞത്. ഉത്തരം ജനുവിന്‍ ആയിരുന്നുവെങ്കിലും നാല് അറ്റംപ്റ്റുകളിലും റാങ്ക് നേടാത്തതിലുള്ള നിരാശയും സങ്കടവും ആകെ ഇന്റര്‍വ്യൂവില്‍ പ്രതിഫലിച്ചുവെന്നാണ് മിഥുന്റെ അഭിപ്രായം. ഇത് മൂലം മനസ്സിലുണ്ടായിരുന്ന പല പോയിന്റുകളും ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ കൃത്യമായി അവതരിപ്പിക്കാന്‍ പറ്റാതെ പോയി എന്ന സങ്കടമുണ്ട് മിഥുന്.

റാങ്ക് നേടിയ കാര്യം ഐലേണിലെ നിഖില്‍ സര്‍ ആണ് മിഥുനെ വിളിച്ചറിയിക്കുന്നത്‌.റാങ്ക് നേടിയതിനേക്കാള്‍ കഷ്ടപ്പാടിന് അവസാനമായല്ലോ എന്നായിരുന്നു ആദ്യത്തെ റിയാക്ഷന്‍ എന്ന് മിഥുന്‍ ഓര്‍ക്കുന്നു.ആഗ്രഹിച്ച പോലെ ഐഎഎസ് തന്നെയാണ് മിഥുന് ലഭിച്ചിരിക്കുന്ന സര്‍വീസ്.

Exit mobile version