ടോസ് ജയിക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും രക്ഷയില്ല; ഒടുവില്‍ അന്തിമ ഇലവനില്‍ ഇല്ലാത്ത താരത്തെ ഇറക്കി ടോസ് സ്വന്തമാക്കി ഡൂപ്ലെസി

ഒടുവില്‍ അറ്റകൈ പ്രയോഗം നടത്തി ടോസ് സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസി.

കേപ്ടൗണ്‍: പലതവണ ടോസ് എറിഞ്ഞു നോക്കിയിട്ടും രക്ഷയില്ല, ടോസ് വിജയിക്കാനാകുന്നില്ല; ഒടുവില്‍ അറ്റകൈ പ്രയോഗം നടത്തി ടോസ് സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസി. ഇദ്ദേഹത്തിന്റെ പുതിയ ‘അന്ധവിശ്വാസ’ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.

ക്രിക്കറ്റിലെ നിര്‍ണായക മത്സരങ്ങളില്‍ ടോസ് ജയിച്ചാല്‍ കളി പകുതി ജയിച്ചുവെന്നാണ് പൊതുവെയുളള ഒരുവിശ്വാസം. എന്നാല്‍ തുടര്‍ച്ചയായി എല്ലാ കളികളിലും ടോസ് നഷ്ടമാകുന്നത് ഡൂപ്ലെസിയെ വലയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒടുവില്‍ ടോസ് സ്വന്തമാക്കാന്‍ ഡൂപ്ലെസി നാണയം ടോസ് ചെയ്യാനായി മാത്രം അന്തിമ ഇലവനില്‍ പോലും ഇല്ലാത്ത ഒരു കളിക്കാരനെ തന്നെ ഗ്രൗണ്ടിലിറക്കി. മറ്റാരുമല്ല, ജെപി ഡൂമിനിയെ. തുടര്‍ച്ചയായി ആറ് തവണ ടോസ് നഷ്ടമായതിന് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ നായകന്റെ കടുംകൈ. ഡൂപ്ലെസിയുടെ നീക്കം ഫലിക്കുകയും ദക്ഷിണാഫ്രിക്ക ടോസ് വിജയിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ഡൂപ്ലെസി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും നിമിഷങ്ങള്‍ക്കകം തന്നെ വൈറലാകുകയും ചെയ്തു.

എന്ത് ചെയ്താലും അത് ആസ്വദിച്ചു ചെയ്യണമെന്നും അതിലല്‍പം തമാശകൂടി കണ്ടെത്തണമെന്നും ഡൂപ്ലെസി പോസ്റ്റില്‍ പറയുന്നു. ഒരു ക്യാപ്റ്റന്റെ ഏറ്റവും വലിയ ഗുണം തന്റെ ദൃര്‍ബല്യങ്ങള്‍ തിരിച്ചറിയുക എന്നതാണെന്നും അതുകൊണ്ടാണ് ടോസ് ചെയ്യാനായി മാത്രം ഡൂമിനിയെ ഇറക്കിയെതന്നുമാണ് ഡൂപ്ലെസി യുടെ വിശദീകരണം. ഐസിസി നിയമപ്രകാരം മത്സരം നടക്കുന്ന മൈതാനത്ത് മാച്ച് റഫറിക്ക് മുന്നില്‍ വെച്ചാണ് ടോസ് ചെയ്യേണ്ടത്. ക്യാപ്റ്റന്‍ ഇല്ലെങ്കില്‍ വൈസ് ക്യാപ്റ്റന് ടോസ് ചെയ്യാം.

Exit mobile version