കൈക്കൂലി ആരോപണം : ആമസോണിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ആമസോണിന്റെ നിയമവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍. സംഭവത്തില്‍ ആമസോണും അന്വേഷണം നടത്തുമെന്നാണ് സൂചന.

ആമസോണുമായി കരാറിലുള്ള ഒരു അഭിഭാഷകന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കമ്പനി പണം കൈമാറിയെന്നാണ് ആരോപണം.ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ സീനിയര്‍ കോര്‍പ്പറേറ്റ് കോണ്‍സല്‍ അവധിയില്‍ പ്രവേശിച്ചു. വിദേശത്ത് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ക്കൈകൂലി നല്‍കിയെന്ന ആരോപണം അമേരിക്കന്‍ കമ്പനി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

ലീഗല്‍ ഫീസായി ആമസോണ്‍ 8,500 കോടിയിലേറെയാണ് ചെലവഴിക്കുന്നത്. അതൊക്കെ എവിടേക്ക് പോകുന്നുവെന്ന് ചിന്തിക്കാനുള്ള സമയമാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. കമ്പനിക്കെതിരെ ആരോപണമുയര്‍ന്നതിന് പിന്നാലെ അവര്‍ നിയമവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായാണ് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ആരോപണം ഗൗരവമായി കാണുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Exit mobile version