തെക്കുകിഴക്കന്‍ ഏഷ്യയിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ടാറ്റാ സ്റ്റീല്‍

70 ശതമാനം ഓഹരികള്‍ എച്ച്ബിഐഎസിനു വിറ്റശേഷം ശേഷിക്കുന്ന 30 ശതമാനം ഓഹരികള്‍ നിലനിര്‍ത്തും

മുംബൈ: തെക്കുകിഴക്കന്‍ ഏഷ്യയിലെ ടാറ്റാ സ്റ്റീലിന്റെ ശൃംഖല വില്‍ക്കുന്നു. ചൈനീസ് കമ്പനിയായ എച്ച്ബിഐഎസ് ഗ്രൂപ്പാണ് ഇവ വാങ്ങുക. 32.7 കോടി ഡോളറിന്റെ ഇടപാടിലൂടെ വലിയ സാമ്പത്തിക ബാധ്യത കുറച്ച് വളര്‍ച്ച മെച്ചപ്പെടുത്തുകയാണ് ടാറ്റാ സ്റ്റീലിന്റെ ലക്ഷ്യം.

70 ശതമാനം ഓഹരികള്‍ എച്ച്ബിഐഎസിനു വിറ്റശേഷം ശേഷിക്കുന്ന 30 ശതമാനം ഓഹരികള്‍ നിലനിര്‍ത്തും. ഇതുസംബന്ധിച്ച കരാറില്‍ ബെയ്ജിംഗില്‍ വച്ച് ഇരു കമ്പനികളും ഒപ്പുവച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ടാറ്റാ സ്റ്റീല്‍ എംഡിയും സിഇഒയുമായ ടിവി നരേന്ദ്രന്‍ പറഞ്ഞു.

ടാറ്റാ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റതു മുതല്‍ ടാറ്റാ സ്റ്റീലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലാണ് എന്‍. ചന്ദ്രശേഖരന്‍ ശ്രദ്ധയൂന്നിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കു വെളിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചുരുക്കുന്നതിനോടാണ് ടാറ്റാ ഗ്രൂപ്പിനും താത്പര്യം.

Exit mobile version